X

എട്ട് പേരക്കുട്ടികളുണ്ട്, കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് സിഖ് കൂട്ടക്കൊല കേസിലെ പ്രതി സജ്ജന്‍ കുമാര്‍

സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞാണ് സജ്ജന്‍ കുമാര്‍ ഒരു മാസത്തെ അധികസമയം കീഴടങ്ങുന്നതിന് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം വേണമെന്നും സജ്ജന്‍ കുമാര്‍ പറയുന്നു.

തനിക്ക് മൂന്ന് മക്കളും എട്ട് കൊച്ചുമക്കളുണ്ടെന്നും കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നും 1984 സിഖ് കൂട്ടക്കൊല കേസ് പ്രതിയും മുന്‍ കോണ്‍ഗ്രസ് എപിയുമായ സജ്ജന്‍ കുമാര്‍. സജ്ജന്‍കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ജീവിതാന്ത്യം വരെ തടവ് എന്നാണ് ശിക്ഷാവിധിയില്‍ കോടതി വിധിയില്‍ പറയുന്നത്. ഡിസംബര്‍ 31നകം കീഴടങ്ങണമെന്നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ തനിക്ക് ജനുവരി 31 വരെ സമയം തരണമെന്ന് 73കാരനായ സജ്ജന്‍ കുമാര്‍ ആവശ്യപ്പെട്ടു. സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞാണ് സജ്ജന്‍ കുമാര്‍ ഒരു മാസത്തെ അധികസമയം കീഴടങ്ങുന്നതിന് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം വേണമെന്നും സജ്ജന്‍ കുമാര്‍ പറയുന്നു.

സജ്ജന്‍ കുമാറിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. അതേസമയം അപേക്ഷയെ എതിര്‍ക്കുമെന്ന് സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകളുടെ അഭിഭാഷകനും എഎപി നേതാവുമായ എച്ച് എസ് ഫൂല്‍ക്ക പറഞ്ഞു. ഡല്‍ഹി രാജ് നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്നതിലും ഒരു ഗുരുദ്വാര കത്തിച്ചതിലുമായ കേസിലാണ് സജ്ജന്‍ കുമാറിനെ ശിക്ഷിച്ചത്. സുല്‍ത്താന്‍പുരിയില്‍ ഒരാളെ കൊന്ന കേസിലും സജ്ജന്‍ കുമാര്‍ വിചാരണ നേരിടുന്നുണ്ട്. ഈ കേസ് ജനുവരി 22ന് കോടതി പരിഗണിക്കും. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജി വച്ചിരുന്നു.

“ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, ഇവരെ കൊല്ലൂ, ഇവര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു”

This post was last modified on December 20, 2018 4:12 pm