X

നമ്മള്‍ ഇന്ത്യയില്‍ ഒരു അണുബോംബിട്ടാല്‍ അവര്‍ നമ്മളെ 20 ബോംബ് വച്ച് തീര്‍ത്തുകളയും: മുഷറഫ്

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ പകുതിയോളം മന്ത്രിമാര്‍ തന്റെ ആളുകളാണെന്നും സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാണെന്നും മുഷറഫ് പറയുന്നു.

നമ്മള്‍ ഇന്ത്യയെ ഒരു അണുബോംബ് വച്ച് ആക്രമിച്ചാല്‍ അവര്‍ നമ്മെ 20 എണ്ണം വച്ച് മൊത്തമായി നശിപ്പിച്ച് കളയും എന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫ്. യുഎഇയില്‍ വാര്‍ത്താസമ്മേളനത്തിലാണ് മുഷറഫ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായി നിലയിലെത്തിയിരിക്കുന്നു. ഒരു ആണവാക്രമണം ഉണ്ടാകാന്‍ പോകുന്നില്ല. നമ്മള്‍ ഒരു അണുബോംബിട്ട് ഇന്ത്യയെ ആക്രമിച്ചാല്‍ അവര്‍ 20 ബോംബിട്ട് നമ്മളെ മുഴുവന്‍ നശിപ്പിച്ച് കളയും.

ഇത് ഒഴിവാക്കാനുള്ള ഒരേയൊരു വഴി 50 ബോംബ് നമ്മള്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുക എന്നതാണ്. പിന്നെ അവര്‍ക്ക് തിരിച്ചടിക്കാനാകില്ല. ഇതിന് നിങ്ങള്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം – സൈന്യത്തിനോടും പാക് ഗവണ്‍മെന്റിനോടുമായി മുഷറഫ് ചോദിച്ചു. പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുള്ള സൗദൃദ രാഷ്ട്ര പദവി പിന്‍വലിച്ച ഇന്ത്യ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുകള്‍ നല്‍കുകയും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുകയും ചെയ്തിരുന്നു.

ഇസ്രയേല്‍ പാകിസ്താനുമായി ബന്ധം സ്ഥാപിക്കുന്നതില്‍ താല്‍പര്യം കാണിച്ചിരുന്നതായും മുഷറഫ് പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രാജ്യത്തേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്നതായും ഓള്‍ പാകിസ്താന്‍ മുസ്ലീം ലീഗ് നേതാവായ പര്‍വേസ് മുഷറഫ് പറഞ്ഞു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ പകുതിയോളം മന്ത്രിമാര്‍ തന്റെ ആളുകളാണെന്നും സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാണെന്നും മുഷറഫ് പറയുന്നു. 1999ല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ജനറല്‍ പര്‍വേസ് മുഷറഫ് 2008 വരെ പ്രസിഡന്റായി തുടര്‍ന്നു.

ആണവ അഴിമതികള്‍ സംബന്ധിച്ച ആരോപണവും ലാല്‍ മസ്ജിദ് വെടിവയ്പുമെല്ലാം മുഷറഫിനെ അധികാര സ്ഥാനത്ത് ദുര്‍ബലനാക്കുകയും 2008ല്‍ സ്ഥാനമൊഴിഞ്ഞ മുഷറഫ് ലണ്ടനില്‍ പ്രവാസജീവിതത്തിലേയ്ക്ക് പോവുകയുമായിരുന്നു. പ്രവാസജീവിതത്തിലായിരുന്ന മുന്‍ പ്രധാനമന്ത്രിമാര്‍ നവാസ് ഷെരീഫും ബേനസീര്‍ ഭൂട്ടോയും തിരിച്ചുവന്നതും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാക്കിയതും മുഷറഫിനെ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാക്കി. 2008ലെ പൊതുതിരഞ്ഞെടുപ്പില്‍ ബേനസീറിന്റെ പിപിപി ആണ് വിജയിച്ചത് (2007 ഡിസംബറില്‍ ബേനസീര്‍ വധിക്കപ്പെട്ടു.)

2013ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പാകിസ്താനില്‍ തിരിച്ചെത്തിയ മുഷറഫ് ബേസീര്‍ ഭൂട്ടോ വധ കേസ് അടക്കമുള്ളവയില്‍ പ്രതിചേര്‍ക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യനായി. പാകിസ്താനില്‍ നിന്ന് പുറത്തുപോകുന്നതിന് വിലക്ക് വന്നു. ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന് ആരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു. 2016ല്‍ യാത്രാവിലക്ക് നീങ്ങിയതിനെ തുര്‍ന്ന് മുഷറഫ് ദുബായിലേയ്ക്ക് പോയി. 2017 ഓഗസ്റ്റില്‍ ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫിനെ പിടികിട്ടാപുള്ളിയായി പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചിരുന്നു.

This post was last modified on February 24, 2019 10:56 pm