X

നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ പറ, മസൂദ് അസ്ഹറിനെ ഞങ്ങള്‍ പിടിച്ചോളാം: ഇമ്രാന്‍ ഖാനോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയിട്ടും നിങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? - അമരീന്ദര്‍ സിംഗ് ചോദിക്കുന്നു.

നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ പറ, ജയ്ഷ് ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ഞങ്ങള്‍ കൈകാര്യം ചെയ്‌തോളാം എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറയുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസ്ഹര്‍ പാകിസ്താനിലാണ്. പ്രിയപ്പെട്ട ഇമ്രാന്‍ ഖാന്‍, പാകിസ്താനിലെ ബഹവല്‍പൂരിലിരുന്ന് ഐഎസ്‌ഐ പിന്തുണയോടെ മസൂദ് അസ്ഹര്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. അയാളെ പിടിക്കൂ. നിങ്ങള്‍ക്ക് അയാളെ പിടിക്കാന്‍ കഴിയില്ലെങ്കില്‍ പറ, ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി അത് ചെയ്യാം – അമരീന്ദര്‍ സിംഗ് പരിഹസിച്ചു. മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയിട്ടും നിങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? – അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.

പാകിസ്താന് പുല്‍വാമ ആക്രമണത്തില്‍ യാതൊരു പങ്കുമില്ലെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഇന്ത്യയില്‍ പാകിസ്താനെതിരായ മുദ്രാവാക്യങ്ങള്‍ ഉയരുന്നത് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇന്ത്യ ഇങ്ങോട്ട് ആക്രമിച്ചാല്‍ പാകിസ്താന്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം പറഞ്ഞത്.
അവര്‍ നമ്മുടെ 41 പേരെ കൊന്നാല്‍ നമ്മള്‍ അവരുടെ 82 പേരെ കൊന്ന് തിരിച്ചടിച്ച് കരുത്ത് കാണിച്ചുകൊടുക്കണം എന്നാണ് ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ സൈനികനായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞത്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നത് തന്നെയാകണം നയമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

This post was last modified on February 19, 2019 7:36 pm