X

ഇന്ത്യയുടെ എ സാറ്റ് ഉപഗ്രഹ പരീക്ഷണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയെന്ന് നാസ

2007ല്‍ ചൈന എ സാറ്റ് പരീക്ഷണം നടത്തിയപ്പോളും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ (എ സാറ്റ്) പരീക്ഷണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയെന്ന് നാസ. ഇത് വലിയ തോതില്‍ ബഹാരാകാശ മലിനീകരണമുണ്ടാക്കുന്ന ഭീകര കൃത്യമാണ് എന്ന് നാസ തലവന്‍ ജിം ബ്രീഡന്‍സ്റ്റീന്‍ പറഞ്ഞു. ഇത് ഭാവിയിലെ സ്‌പേസ് ഫ്‌ളൈറ്റുകള്‍ക്ക് പ്രശ്‌നമാണ്. ഇന്ത്യയുടെ എ സാറ്റ് പരീക്ഷണത്തിന് ശേഷം ഐഎസ്എസ് മാലിന്യം 44 ശതമാനം വര്‍ദ്ധിച്ചു എന്നും നാസ തലവന്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹം തകര്‍ക്കുന്ന നാലാമത്തെ രാജ്യമായിരുന്നു ഇന്ത്യ. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എ സാറ്റ് പരീക്ഷണ വിജയം ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചിരുന്നു.

2007ല്‍ ചൈന എ സാറ്റ് പരീക്ഷണം നടത്തിയപ്പോളും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബഹിരാകാശത്ത് 800 കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു പരീക്ഷണം. 2500നും 3000നുമിടക്ക് ബഹിരാകാശ ഖര മാലിന്യ കഷണങ്ങള്‍ എത്തിയതായി ആരോപിക്കപ്പെടുന്നു. സ്‌പേസ് ഡെബ്രിസ് മൂലമാണ് 2013ല്‍ റഷ്യന്‍ സാറ്റലൈറ്റ് തകര്‍ന്നത് എന്നാണ് ദ ഡിപ്ലോമാറ്റ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ എ സാറ്റ് മിസൈല്‍ ഉപയോഗിക്കില്ലെന്നാണും ബഹിരാകാശത്തെ ആയുധവത്കരണത്തിനെതിരായ നയം തുടരുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.