X

നിരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ഹോങ്കോംഗിന് അപേക്ഷ നല്‍കി

ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടേയും പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു

പഞ്ചാബ് നാഷണല്‍ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യം വിട്ട മുഖ്യ പ്രതി നിരവ് മോദിയെ കൈമാറാനായി ഹോങ്കോങ്ങിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ‘നിരവ് മോദിയെ അറസ്റ്റ് ചെയ്യാനായി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും. ഇതിനായി 2018 മാർച്ച് 23 നാണ് അപേക്ഷ സമർപ്പിച്ചതെന്നും’ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് പറഞ്ഞു.

ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടേയും പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. രണ്ട് മാസം മുൻപാണ് ഇവര്‍ക്കെതിരെ സി ബി ഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാല്‍ തട്ടിപ്പ് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ ഇരുവരും രാജ്യം വിട്ടു.

ഫെബ്രുവരി 16നാണ് മോദി, ചോക്സി എന്നിവർക്ക് കാരണം കാണിച്ച് നോട്ടീസ് നൽകിയിരുന്നത്. മറുപടി നൽകാൻ അവർക്ക് ഒരാഴ്ചത്തെ സമയവും നല്‍കിയിരുന്നു. എന്നാല്‍ മറുപടി നൽകാൻ അവർ പരാജയപ്പെട്ടതിനാൽ അവരുടെ പാസ്പോർട്ടുകൾ 2018 ഫെബ്രുവരി 23-ന് തന്നെ റദ്ദാക്കിയെന്ന് സിംഗ് പറഞ്ഞു.