X

അന്വേഷിക്കരുത് എന്ന വാക്ക് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിട്ടില്ല; ജേക്കബ് തോമസ്

ജേക്കബ് തോമസിന്റെ സര്‍വീസ് സ്‌റ്റോറിയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പിണറായി വിജയന്‍ പ്രകാശനം ചെയ്യും

വിവാദ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെട്ട മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. തിങ്കളാഴ്ച തിരുവനന്തപുരത്താണ് പ്രകാശനച്ചടങ്ങ്. ഔദ്യോഗിക ജീവിതത്തില്‍ തന്നെ വിഴുങ്ങാന്‍ കെല്‍പ്പുള്ള വമ്പന്‍സ്രാവുകളെ എങ്ങനെ പ്രതിരോധിച്ച് നിന്നുവെന്നാണ് പുസ്തകത്തില്‍ ജേക്കബ് തോമസ് വിവരിക്കുന്നത്. അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജേക്കബ് തോമസിനെ കൈവിട്ടിട്ടില്ലെന്ന സൂചനയാണ് പുസ്തകം പ്രകാശനം ചെയ്യുന്നതിലൂടെ മുഖ്യമന്ത്രി നല്‍കുന്നത്.

പൊലീസിലെ പ്രധാന ചുമതലകളില്‍ നിന്ന് സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തില്‍ വിശദീകരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ അഴിമതിക്കെതിരായ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പിന്തുണ സംബന്ധിച്ചും പുസ്തകത്തിലുണ്ട്. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് വി ഗോവിന്ദരാജാണ് പുസ്തകം ഏറ്റുവാങ്ങുന്നത്.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറുന്നത് വരെ ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്നാണ് ജേക്കബ് തോമസ് ആത്മകഥയില്‍ പറയുന്നത്. ചില കേസുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിശദാംശങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നതിനപ്പുറം അന്വേഷിക്കരുത് എന്നൊരു വാക്ക് ഒരിക്കല്‍പ്പോലും മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ല. പകരം ഒട്ടുമിക്ക പ്രതിസന്ധി ഘട്ടത്തിലും അദ്ദഹം പിന്തുണച്ചിട്ടേയുളളൂ എന്നും ജേക്കബ് തോമസ് പറയുന്നു. ഐഎഎസ് അസോസിയേഷനിലെ ചില മുതിര്‍ന്ന അംഗങ്ങള്‍ തനിക്കെതിരെ ഉറഞ്ഞുതുളളിയപ്പോള്‍ കുറച്ചുപേര്‍ ബഹളം വെയ്ക്കുന്നുണ്ടല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു, നേരെയാകുമെന്നായിരുന്നു തന്റെ മറുപടി.

വിജിലന്‍സ് ഡയറക്ടറായിരിക്കെ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടായ അനുഭവങ്ങളും പുസ്തകത്തില്‍ ജേക്കബ് തോമസ് വിവരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് വിജിലന്‍സില്‍ എഡിജിപി ആയിരിക്കെ പാറ്റൂര്‍ കേസ്, ടിഒ സൂരജ് കേസ്, ബാര്‍ കോഴ കേസ് തുടങ്ങിയവയുടെ അന്വേഷണത്തില്‍ താന്‍ നേരിട്ടും അല്ലാതെയും പങ്കാളിയായിരുന്നു. അതുകൊണ്ട് തന്നെ താന്‍ വിജിലന്‍സില്‍ തുടരുന്നത് നല്ലതല്ലെന്ന് ഭരണതലത്തില്‍ വിലയിരുത്തലുണ്ടായി. ബാര്‍ കോഴ കേസ് അന്വേഷണത്തിന് വ്യക്തമായ ആക്ഷന്‍ പ്ലാന്‍ താന്‍ നല്‍കിയിരുന്നുവെന്നും ജേക്കബ് തോമസ് അവകാശപ്പെടുന്നു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 164ാം വകുപ്പ് പ്രകാരം ബിജു രമേശ് നല്‍കിയ മൊഴിയില്‍ അഞ്ച് പേജ് മന്ത്രി കെ ബാബുവിനെക്കുറിച്ചായിരുന്നു. ഈ മൊഴിയുടെ തുടര്‍നടപടിയായാണ് എറണാകുളം യൂണിറ്റില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ താന്‍ തീരുമാനിച്ച രീതിയില്‍ അന്വേഷണം പുരോഗമിക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായി. ബാബുവിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുളളവരാണ് ഈ തീരുമാനമെടുത്തത്. അന്വേഷണം തന്റെ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഭ്യന്തരമന്ത്രിക്ക് വിയോജിപ്പില്ലായിരുന്നു.

കെ ബാബു, കെഎം മാണി എന്നിവരുടെ കേസിന്റെ വിഷയങ്ങളിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നും ഇടപെടലൊന്നുമുണ്ടായില്ല. ഇടപെടലുകള്‍ നടത്തിയവരാണെങ്കില്‍ വളരെ സൂക്ഷിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. സ്വന്തം ഫോണില്‍ നിന്ന് വിളിക്കുക പോലുമില്ലായിരുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. കറന്റ് ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എഎസ്പിയായി സര്‍വീസില്‍ പ്രവേശിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍ നിന്ന് അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തില്‍ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും പറയുന്നുണ്ട്.

This post was last modified on May 20, 2017 11:35 am