X

ഒടുവില്‍ ജേക്കബ് തോമസിനെ മാറ്റി; ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചു

ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തേയ്ക്ക് അവധിയില്‍ പ്രവേശിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം ജേക്കബ് തോമസ് മാറി നില്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല. കാരണം ഉചിതമായ സമയത്ത് പറയുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജേക്കബ് തോമസ് മാറി നില്‍ക്കുന്നതെന്ന് സൂചനകളുണ്ട്. ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിജിലന്‍സിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് വിജിലന്‍സ് രാജ് ആണോ നടക്കുന്നത് എന്നും ഇങ്ങനെയൊരു വിജിലന്‍സിനെ കൊണ്ട് എങ്ങനെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്നെല്ലാം ഹൈക്കോടതി ചോദിച്ചിരുന്നു. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ഇനി മുതല്‍ വലിയ കേസുകളില്‍ പരാതി സ്വീകരിക്കുന്നതല്ല എന്ന് പറഞ്ഞ് വിജിലന്‍സ് ആസ്ഥാനത്ത് പതിച്ച നോട്ടീസ് വലിയ വിവാദമായി. ആവശ്യമെങ്കില്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ച് വരുത്തി വിശദീകരണം തേടുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് നടപടികള്‍ സംസ്ഥാനത്ത് ഐഎഎസ് – ഐപിഎസ് പോരിന് വഴി വച്ചിരുന്നു. ഇത് വലിയ തോതില്‍ ഭരണ സ്തംഭനത്തിനും വഴി വച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നെങ്കിലും ഇപി ജയരാജന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ജയരാജനെതിരെയുള്ള കേസടക്കം സിപിഎമ്മില്‍ നിന്ന് സമ്മര്‍ദ്ദങ്ങളുണ്ട്.

ജയരാജന്‍ കേസിന് പുറമേ സ്പോട്ട്സ് ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ടി.പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശക്തമായ പിന്തുണയുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റുന്ന കാര്യം നടപ്പായിരുന്നില്ല. ഒരു സര്‍ക്കാരും ആറു മാസത്തില്‍ കൂടുതല്‍ ഒരു കസേരയിലും ഇരുത്തിയിട്ടില്ലാത്ത ജേക്കബ് തോമസ്‌, പക്ഷെ വിജിലന്‍സ് തലപ്പത്ത് ഒരു വര്‍ഷം തികച്ചു എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്ള പ്രതികൂല പരാമര്‍ശം വന്നതോടെയാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തെ സംരക്ഷിക്കാന്‍ കഴിയാതെ പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തിനാണ് വിജിലന്‍സ് തലപ്പത്ത് തുടരുന്നത് എന്നതടക്കമുള്ള അസാധാരണ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു.

ജേക്കബ് തോമസ്‌ ഇനി വിജിലന്‍സിലേക്ക് തിരികെ വന്നേക്കില്ലെന്നും സര്‍ക്കാര്‍ ജോലിക്ക് പകരം അധ്യാപക ജോലിയിലേക്ക് തിരികെ പോയേക്കുമെന്നും സൂചനകളുണ്ട്.

This post was last modified on March 31, 2017 10:03 pm