ഹരിയാന നിയമസഭയില്‍ പൂര്‍ണ നഗ്നനായി പ്രസംഗിച്ച ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു. 51 വയസായിരുന്നു. ഏറെനാളായി അസുഖ ബാധിതനായ അദ്ദേഹം ഡല്‍ഹിയിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ വച്ചാണ് നിര്യാതനായത്. മഞ്ഞപ്പിത്തമടക്കമുള്ള അസുഖങ്ങള്‍ ബാധിച്ചിരുന്നു. നേരത്തെ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജൈന സമുദായത്തില്‍ വലിയ തോതില്‍ അനുയായികളുണ്ടായിരുന്ന ആത്മീയ നേതാവാണ് തരുണ്‍ സാഗര്‍. തരുണ്‍ സാഗറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹം മഹത്തായ ആശയങ്ങളാല്‍ എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടു. തരുണ്‍ സാഗറിന്റെ തത്വങ്ങളും ആശയങ്ങും ജനങ്ങളെ ശരിയായ പാതയില്‍ നയിക്കാന്‍ തുടര്‍ന്നും സഹായകമാകുമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
മധ്യപ്രദേശിലെ ദാമോയില്‍ 1967 ജൂണ്‍ 26നാണ് തരുണ്‍ സാഗറിന്റെ ജനനം. പവന്‍ കുമാര്‍ ജെയിന്‍ എന്നായിരുന്നു സന്യാസപൂര്‍വ കാലത്തെ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെല്ലാം തരുണ്‍ സാഗറിന്റെ വലിയ ആരാധകരാണ്.
2016ല്‍ പൂര്‍ണ നഗ്‌നായി ഹരിയാന നിയമസഭയില്‍ തരുണ്‍ സാഗര്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിനെ വിമര്‍ശിച്ച ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ദാഡ്‌ലാനിക്കെതിരെ വലിയ എതിര്‍പ്പാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ദാഡ്‌ലാനി തരുണ്‍ സാഗറിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ മുറാദ് നഗറിലായിരിക്കും തരുണ്‍ സാഗറിന്റെ അന്ത്യകര്‍മങ്ങള്‍.
This post was last modified on September 1, 2018 1:44 pm
Leave a Comment