X

ജിഷ്ണു പ്രണോയ് അനുസ്മരണത്തിന് വിദ്യാര്‍ഥികള്‍ എത്താതിരിക്കാന്‍ അവധി നീട്ടി നെഹ്‌റു കോളേജ്

ന്യായമായ ആവശ്യങ്ങള്‍ക്ക് പോലും ലീവ് അനുവദിച്ച് തരാത്ത മാനേജിമെന്റ് ഇപ്പോള്‍ മൂല്യ നിര്‍ണയ ക്യാമ്പിന്റെ കാരണം കാണിച്ച് അവധി കൂട്ടി തന്നിരിക്കുന്നത് ജിഷ്ണു പ്രണോയ് അനുസ്മരണം ക്യാമ്പസിനകത്ത് നടന്നുകൂടെന്നുള്ള താല്‍പര്യത്തിന് പുറത്തുതന്നെയാണ്.

ജിഷ്ണു പ്രണോയ് അനുസ്മരണ ദിവസം വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മാനേജ്‌മെന്റിന്റെ നീക്കം നടത്തുന്നതായി പരാതി. പാമ്പാടി നെഹ്‌റു കോളേജാണ്, സഹപാഠിയുടെ വേര്‍പാടിന് ഒരു വര്‍ഷം തികയുന്ന ദിവസം ഒത്തുചേര്‍ന്ന് അനുശോചനമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കാതിരിക്കുന്നത്. പത്ത് ദിവസത്തെ ക്രിസ്മസ് അവധി നീട്ടി, അനുശോചന ദിനമുള്‍പ്പെടുന്ന ദിവസം കഴിഞ്ഞാണ് ക്ലാസുകള്‍ ആരംഭിക്കുന്നതെന്ന് പുതുതായി പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിശദീകരിക്കുന്നു.

ഡിസംബര്‍ 22ന് തുടങ്ങിയ ക്രിസ്മസ് വെക്കേഷന്‍ സാധാരണഗതിയില്‍ അവസാനിക്കേണ്ടത് ജനുവരി രണ്ടിനാണ്. അതുപ്രകാരം ജനുവരി മൂന്നിന് വീണ്ടും ക്ലാസുകള്‍ തുടങ്ങും. എന്നാല്‍ പെട്ടന്ന് വന്ന സര്‍ക്കുലര്‍ പ്രകാരം ജനുവരി എട്ടിനാണ് ക്ലാസുകള്‍ പുനരാരംഭിക്കുക. അധ്യാപകര്‍ ഉത്തരപേപ്പേര്‍ മൂല്യ നിര്‍ണയത്തിന്റെ ഭാഗമായി തിരക്കുകളില്‍ ആണെന്നാണ് കാരണമായി കാണിച്ചിരിക്കുന്നത്. തങ്ങള്‍ ആസൂത്രണം ചെയ്ത അനുസ്മരണ യോഗത്തില്‍ നിന്നും വിദ്യാര്‍ഥികളെ മാറ്റി നിര്‍ത്താനാണ് മാനേജ്‌മെന്റ് ഒരാഴ്ച കൂടുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

എസ്.എഫ്.ഐയുടെ പ്രതികരണം:
‘ഇതിന് മുമ്പും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന്റെ ഭാഗമായി അധ്യാപകര്‍ തിരക്കുകളിലായിട്ടുണ്ട്. അന്നൊന്നും ഇതേപോലെ, മുന്‍പേ സര്‍ക്കുലര്‍ ഇറക്കി, ഒരാഴ്ച്ച നീളുന്ന പൊതു അവധിയൊന്നും തന്നിട്ടില്ല. ബന്ധപ്പെട്ട അധ്യാപകരില്ലെങ്കില്‍ മറ്റ് സ്റ്റാഫുകളെ ഉപയോഗിച്ച് ക്ലാസുകള്‍ ബാലന്‍സ് ചെയ്യാറാണ് പതിവ്. അഞ്ചാം തീയതി എസ്.എഫ്.ഐയുടെ ബാനറില്‍ സംസ്ഥാന സെക്രട്ടറിയടക്കം പങ്കെടുക്കുന്ന ജിഷ്ണു അനുസ്മരണ പൊതുയോഗവും, ആറാം തീയതി കോളേജിനകത്തുവെച്ച് മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുത്ത് നടക്കാന്‍ പോകുന്ന അനുശോചന ചടങ്ങുകളും മുന്നില്‍ കണ്ടുകൊണ്ടാണ് മാനേജ്‌മെന്റ് ഇത്തവണ അവധി നീട്ടി വെച്ചിരിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്ക് പോലും ലീവ് അനുവദിച്ച് തരാത്ത മാനേജിമെന്റ് ഇപ്പോള്‍ മൂല്യ നിര്‍ണയ ക്യാമ്പിന്റെ കാരണം കാണിച്ച് അവധി കൂട്ടി തന്നിരിക്കുന്നത് ജിഷ്ണു പ്രണോയ് അനുസ്മരണം ക്യാമ്പസിനകത്ത് നടന്നുകൂടെന്നുള്ള താല്‍പര്യത്തിന് പുറത്തുതന്നെയാണ്.’

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:

This post was last modified on December 24, 2017 11:43 am