X

കഴിഞ്ഞ നാല് വര്‍ഷമായി ജെഎന്‍യു ദേശവിരുദ്ധ കേന്ദ്രം: നിര്‍മ്മല സീതാരാമന്‍

ലഘുലേഖകളായും മുദ്രാവാക്യങ്ങളായും കഴിഞ്ഞ നാല് - അഞ്ച് വര്‍ഷമായി ജെഎന്‍യുവില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് എന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു.

കഴിഞ്ഞ നാല് – അഞ്ച് വര്‍ഷമായി ജെഎന്‍യുവില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ലഘുലേഖകള്‍ വഴിയും മുദ്രാവാക്യങ്ങളിലൂടെയും കഴിഞ്ഞ നാല് – അഞ്ച് വര്‍ഷമായി ജെഎന്‍യുവില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് എന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. ഇന്ത്യവിരുദ്ധ ശക്തികളുമായി വിദ്യാര്‍ഥി നേതാക്കള്‍ക്ക് നേരിട്ട് ബന്ധമുണ്ട്. ഈ ശക്തികള്‍ വിദ്യാര്‍ത്ഥികള്‍ വഴി രാജ്യത്തിനെതിരെ പ്രചാരണം നടത്തുകയാണ്. താന്‍ അവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുമെന്നും നിര്‍മ്മല പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വുമണ്‍ പ്രസ് കോര്‍പ്‌സില്‍ വനിത മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ പ്രതിരോധ മന്ത്രി.

വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജെഎന്‍യു കാമ്പസില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനെതിരെ എല്ലാ ഇതര വിദ്യാര്‍ത്ഥി സംഘടനകളും ഭൂരിഭാഗം അധ്യാപകരും ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളതിന് ഇടയിലാണ് നിര്‍മ്മല സീതാരാമന്റെ വിവാദ പരാമര്‍ശം. നേരത്തെ 2016ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായും ഇവര്‍ക്ക് ലഷ്‌കര്‍ ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചിരുന്നു. എന്നാല്‍ വ്യാജ വീഡിയോ ടേപ്പിന്റെ പുറത്താണ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തതെന്ന് പിന്നീട് വ്യക്തമായി.

വീഡിയോ:

സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയെ തകര്‍ത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യമായ ലെഫ്റ്റ് യൂണിറ്റി എല്ലാ സീറ്റുകളിലും വന്‍ വിജയം നേടിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സംഘടിപ്പിച്ച പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് സമയം മുതല്‍ ഫലം വരുന്നത് വരെയും എബിവിപി പ്രവര്‍ത്തകര്‍ പലപ്പോഴായി അക്രമം അഴിച്ചുവിട്ടതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ഇടയ്ക്ക് കൗണ്ടിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെ ആക്രമിച്ചതായും കൗണ്ടിംഗ് സ്്‌റ്റേഷന് നേരെ ആക്രമണം നടത്തിയതായും ബാലറ്റ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും ഇതര വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതായുമെല്ലാം എബിവിപിക്കെതിരെ പരാതിയുണ്ട്.

READ ALSO: ജെഎന്‍യു ചുവന്ന് തന്നെ: എബിവിപിയെ തകര്‍ത്ത് ഇടത് സഖ്യം തൂത്തുവാരി

This post was last modified on September 18, 2018 7:14 pm