X

ആപ്പില്‍ അടി മുറുകുന്നു: കേജ്രിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര

തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചില ഉന്നതരുടെ പേരുകള്‍ ഉടന്‍ പുറത്ത് വിടുമെന്നും കപില്‍ ശര്‍മ പറഞ്ഞിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ കേജ്രിവാളിന് രണ്ട് കോടി രൂപ കൈമാറുന്നത് കണ്ടതായാണ് കപില്‍ മിശ്ര പറയുന്നത്. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് കപില്‍ മിശ്ര ആവശ്യപ്പെട്ടു. കേജ്രിവാളിന്‍റെ ബന്ധു ഉള്‍പ്പെട്ട 50 കോടി രൂപയുടെ ഭൂമി ഇടപാടിന് പിന്നില്‍ സത്യേന്ദ്ര ജയിന്‍ ഉണ്ടെന്നും മിശ്ര പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ കാലത്ത് നടന്ന ടാങ്കര്‍ അഴിമതിയുമായി ബന്ധപ്പെട്ട് അഴിമതിവിരുദ്ധ ബ്യൂറോയെ സമീപിച്ചത് മൂലമാണ് തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. ഷീല ദീക്ഷിതിന് എതിരായ വിവരങ്ങളുമായി ഞാന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയാം. കാര്യങ്ങളെല്ലാം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് പറഞ്ഞിട്ടുണ്ടെന്നും കപില്‍ മിശ്ര അറിയിച്ചു. അതേസമയം ആം ആദ്മി പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കപില്‍ മിശ്ര വ്യക്തമാക്കി.

കുമാര്‍ വിശ്വാസുമായി അടുപ്പമുള്ള നേതാവാണ് കപില്‍ മിശ്ര. തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചില ഉന്നതരുടെ പേരുകള്‍ ഉടന്‍ പുറത്ത് വിടുമെന്നും മിശ്ര പറഞ്ഞിരുന്നു. മിശ്രയ്ക്ക് പകരം രണ്ട് പേരെയാണ് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീമാപുരി എംഎല്‍എ രാജേന്ദ്ര പാലും നജഫ്ഗഢ് എംഎല്‍എ കൈലാഷ് ഗെലോട്ടും. കൈലാഷ് ഗെലോട്ടിനാണ് മിശ്ര കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് നല്‍കിയിരിക്കുന്നത്. മന്ത്രിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപക പരാതിയുണ്ടായിരുന്നതായാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായുള്ള ആരോപണത്തോട് വിയോജിച്ച രണ്ട് എഎപി നേതാക്കള്‍ കുമാര്‍ വിശ്വാസും കപില്‍ മിശ്രയുമായിരുന്നു. അതേസമയം കപില്‍ മിശ്ര ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എഎപി സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.

This post was last modified on May 8, 2017 8:47 am