X

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 20 സീറ്റില്‍, ജെഡിഎസിന് എട്ട്

തങ്ങള്‍ 22 സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നതായും അതേസമയം സഖ്യമായി മത്സരിക്കുന്ന സാഹചര്യത്തില്‍ പരസ്പര മര്യാദയുടെ പേരില്‍ 20 സീറ്റില്‍ ഒതുങ്ങുകയായിരുന്നുവെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജനതാദള്‍ സെക്കുലര്‍ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ആകെയുള്ള 28 ലോക്‌സഭ സീറ്റില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജെഡിഎസ് എട്ട് സീറ്റിലും മത്സരിക്കും. നിലവിലെ സീറ്റ് ധാരണ പ്രകാരം ബീജാപൂര്‍, ഉത്തര കന്നഡ, ഉഡുപ്പി – ചിക്കമംഗളൂരു, ഷിമോഗ, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത്, തുംകൂര്‍ സീറ്റുകളാണ് ജെഡിഎസിന് നല്‍കിയിരിക്കുന്നത്. വൊക്കലിഗ സമുദായം പ്രബല ശക്തിയായ മേഖലയിലെ മൈസൂര്‍ സീറ്റിനുള്ള ആവശ്യത്തില്‍ നിന്ന് ജെഡിഎസ് പിന്മാറി. അതേസമയം 2014ല്‍ തങ്ങള്‍ ജയിച്ച തുംകൂര്‍ സീറ്റ് ജെഡിഎസിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായി. കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു സീറ്റ് വിഭജനം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു.

ജെഡിഎസ് നേരത്തെ 12 സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. രണ്ട് മാസത്തോളമായി സീറ്റ് വിഭജനം തര്‍ക്കത്തില്‍ തുടരുകയായിരുന്നു. ദക്ഷിണ കര്‍ണാടകയിലേതടക്കമുള്ള പ്രധാന സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇരു കക്ഷികള്‍ക്കും കഴിഞ്ഞിരുന്നില്ല. 2014ല്‍ കോണ്‍ഗ്രസ് ജയിച്ച നാല് സീറ്റുകള്‍ അടക്കമാണ് ജെഡിഎസ് 12 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നത്.

ബിജെപി ഒരു മാസം മുമ്പ് തന്നെ പ്രചാരണം തുടങ്ങിയിട്ടും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വൈകുന്നതില്‍ ഇരു പാര്‍ട്ടികളുടേയും പ്രാദേശിക നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇരു പാര്‍ട്ടികളുടേയും ശക്തി വച്ച് നോക്കുമ്പോള്‍ തങ്ങള്‍ 22 സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നതായും അതേസമയം സഖ്യമായി മത്സരിക്കുന്ന സാഹചര്യത്തില്‍ പരസ്പര മര്യാദയുടെ പേരില്‍ 20 സീറ്റില്‍ ഒതുങ്ങുകയായിരുന്നുവെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. തുംകൂര്‍ മാണ്ഡ്യ, ഹാസന്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

This post was last modified on March 14, 2019 9:28 am

Related Post
Leave a Comment