ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വെറുതെ കറങ്ങിത്തിരിഞ്ഞ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമയം പാഴാക്കുകയാണ് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് ഇരുവരും ഡല്‍ഹിയും യുപിയും പോലെ മറ്റ് പാര്‍ട്ടികള്‍ ബിജെപിയുടെ പ്രധാന എതിരാളികളായ സ്ഥലങ്ങളില്‍ ചുറ്റിത്തിരിയുന്നതെന്ന് കെജ്രിവാള്‍ പരിഹസിച്ചു. മേയ് 12ന് ആറാം ഘട്ടത്തിലാണ് ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. ഡല്‍ഹിയില്‍ പ്രിയങ്ക ഗാന്ധി ഇന്ന് റോഡ് ഷോ നടത്തുന്ന സാഹചര്യത്തിലാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യം സാധ്യമാകാതെ വന്നതില്‍ കോണ്‍ഗ്രസ് നേതാക്കളെ കെജ്രിവാള്‍ കുറ്റപ്പെടുത്തി. പ്രിയങ്ക ഇവിടെ വെറുതെ സമയം കളയുകയാണ്. എന്തുകൊണ്ടാണ് അവര്‍ രാജസ്ഥാനിലും മധ്യപ്രദേശിലും പ്രചാരണത്തിന് പോകാത്തത്. അവര്‍ യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്കും ബി എസ് പിക്കും എതിരായും ഡല്‍ഹിയില്‍ എഎപിക്ക് എതിരായും അവര്‍ പ്രചാരണം നടത്തുന്നു. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിലേയ്ക്ക് ആങ്ങളയും പെങ്ങളും പോകുന്നില്ല – കെജ്രിവാള്‍ പറഞ്ഞു.
സഖ്യ ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം രൂക്ഷ വിമര്‍ശനമാണ് കെജ്രിവാള്‍ കോണ്‍ഗ്രസിനെതിരെ തുടരുന്നത്. പ്രതിപക്ഷ ഐക്യം തകര്‍ത്തത് കോണ്‍ഗ്രസ് ആണ് എന്ന് കെജ്രിവാള്‍ ആരോപിച്ചു. 2014ല്‍ ഏഴ് സീറ്റും ബിജെപിയാണ് ജയിച്ചത്. ഇത്തവണ സഖ്യം വേണമെന്ന് ആവശ്യപ്പെട്ട് എഎപിയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍ പിസിസി പ്രസിഡന്റ് ആയിരുന്ന അജയ് മാക്കനും മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതും ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. അതേമയം ഡല്‍ഹിയുടെ ചുമതലയുള്ള പിസി ചാക്കോ അടക്കമുള്ളവര്‍ സഖ്യം വേണമെന്ന് ശക്തമായ നിലപാടെടുത്തു. ഏഴില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ എഎപി സന്നദ്ധത അറിയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസും നിലപാടില്‍ അയവ് വരുത്തി. എന്നാല്‍ ഡല്‍ഹിയില്‍ സഖ്യം വേണമെങ്കില്‍ പഞ്ചാബിലും ഹരിയായിലും സഖ്യം വേണം എന്ന് എഎപി ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല.
മറ്റ് സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന് പറഞ്ഞാണ് എഎപിയാണ് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സഖ്യം സാധ്യമാകാതെ വന്നതിന് പിന്നില്‍ കെജ്രിവാള്‍ ആണ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
This post was last modified on May 8, 2019 4:40 pm
Leave a Comment