X

സര്‍ക്കാരിനെതിരെ പരിഷത്ത്; നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കുക

ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതിയിലും ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതിനെക്കാള്‍ താല്‍പ്പര്യം ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂപ്രദേശം പരിവര്‍ത്തനം ചെയ്യുന്നതിനാണ്

2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ മുഴുവന്‍ അട്ടിമറിച്ച് ഇല്ലാതാക്കുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം രൂപപ്പെടുത്തിയത് നിയമം വന്ന് 6 മാസത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെയും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അടയാളപ്പെടുത്തി ഡാറ്റാബാങ്ക് ഉണ്ടാക്കി പ്രസിദ്ധീകരിച്ച്, നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിവര്‍ത്തനം പൂര്‍ണമായും നിര്‍ത്തലാക്കുന്ന വിധത്തിലായിരുന്നു. 1973 ലെ ലാന്‍ഡ് യൂട്ടിലൈസേഷന്‍ ആക്ടിന്റെ പരിമിതികളെ പൂര്‍ണമായും ഇല്ലാതാക്കും വിധമായിരുന്നു നിയമത്തിന്റെ രൂപകല്‍പ്പന. എന്നാല്‍ നിയമം നടപ്പിലാക്കുന്നതിനുപകരം നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേരളം ഭരിച്ച സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധിച്ചത്. അതുകൊണ്ടാണ് 10 വര്‍ഷം കഴിഞ്ഞിട്ടും നിയമത്തിലെ പ്രധാന വ്യവസ്ഥയായ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയത്.

ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതിയിലും ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതിനെക്കാള്‍ താല്‍പ്പര്യം ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂപ്രദേശം പരിവര്‍ത്തനം ചെയ്യുന്നതിനാണ്. ഫെയര്‍ വാല്യുവിന്റെ 50 ശതമാനം തുക സര്‍ക്കാരിലടച്ചാല്‍ ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ മുഴുവന്‍ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്നാണ് പുതിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് നിയമമില്ലാതിരുന്നതിനേക്കാള്‍ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് കേരളത്തെ എത്തിക്കുക. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ച് താഴെ പറയും വിധം പുതിയ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

1. 2008 ലെ ഭൂമിയുടെ സ്ഥിതി ഗൂഗിള്‍ മാപ്പ് സൗകര്യങ്ങളുപയോഗിച്ച് പരിശോധിച്ച് കുറ്റമറ്റ രീതിയില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക.
2. 2008ന് ശേഷമുള്ള നികത്തലുകളെല്ലാം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ നിയമത്തില്‍ സ്വീകരിക്കുക.
3. മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കരഭൂമി ലഭ്യമാകാത്ത സാഹചര്യത്തില്‍ മാത്രം നികത്തല്‍ അനുവദിക്കുക.
4. സാങ്കേതികവിദ്യകളുടെ സഹായത്തോടെ 2008ന് മുമ്പാണ് പരിവര്‍ത്തനം ചെയ്തതെന്ന് ഉറപ്പുവരുത്തിയ സ്ഥലങ്ങള്‍ മാത്രം ഫെയര്‍ വാല്യുവിന്റെ 50 ശതമാനം തുക കൈപറ്റി ക്രമപ്പെടുത്തി നല്‍കുക.

തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ കേരളത്തിലെ ഭൂപരിസ്ഥിതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹവും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

This post was last modified on January 17, 2018 12:52 pm