മേയ് ഒന്നിന് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തും. മേയ് ആറിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിക്കുക. അയോധ്യയിലെ മായാബസാറിലാണ് റാലി സംഘടിപ്പിക്കുന്നത്. ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ. ഫൈസാബാദ് മണ്ഡലത്തിന്റെ ഭാഗമായ ഇവിടെ മേയ് ആറിനാണ് വോട്ടെടുപ്പ്.
2014ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മോദി അയോധ്യ നഗരത്തിലെത്തുന്നത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പാണ് ഫൈസാബാദ് മണ്ഡലത്തില്‍ ഇതിന് മുമ്പ് മോദി റാലി നടത്തിയിട്ടുള്ളത്. രാമന്റെ ചിത്രമുള്ള കുറ്റന്‍ പശ്ചാത്തലം സ്റ്റേജില്‍ സജ്ജീകരിച്ചത് വിവാദമാവുകയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിരുന്നു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക എല്ലാ ലോക്‌സഭ തിരഞ്ഞെടുപ്പിലുമുള്ളത് പോലെ ഇത്തവണയും അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും എന്ന് പറയുന്നു. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഭരണഘടനാപരമായ എല്ലാ വഴികളും തേടും എന്നാണ് ബിജെപി പ്രകടനപത്രികയില്‍ പറയുന്നത്. അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തണം എന്ന് വിവിധ സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നു. വിഎച്ച്പി അടക്കമുള്ള സംഘടനകള്‍ ഒരു ഘട്ടത്തില്‍ ഈ ആവശ്യം ശക്തമാക്കി രംഗത്തുവന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ, രാമക്ഷേത്രത്തിനായി കാത്തിരിക്കാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കുകയായിരുന്നു.
This post was last modified on April 25, 2019 8:26 pm
Leave a Comment