X

മുലായത്തിന് വോട്ട് ചോദിക്കാന്‍ മായാവതിയെത്തും; ചരിത്ര ദിനമെന്ന് മുലായം

ചരിത്ര ദിനം എന്നാണ് മായാവതിയുമായി വേദി പങ്കിടുന്നതിനെക്കുറിച്ച് മുലായം മാധ്യമങ്ങളോട് പറഞ്ഞത്.

കാല്‍നൂറ്റാണ്ട് കാലം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ നിയന്ത്രിച്ച, ബദ്ധവൈരികളായ നേതാക്കള്‍ മുലായം സിംഗ് യാദവും മായാവതിയും ഇന്ന് വേദി പങ്കിടുന്നു. മെയ്ന്‍പുരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മുലായത്തിന് വേണ്ടി വോട്ട് ചോദിക്കും. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടിക്ക് ബി എസ് പി പിന്തുണ നല്‍കിയതോടെ തുറന്ന സഖ്യ സാധ്യ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യമായി മാറിയിരുന്നു. ബി എസ് പി 38 സീറ്റിലും എസ് പി 37 സീറ്റിലുമാണ് ജനവിധി തേടുന്നത്. പരിപാടിയില്‍ മുലായം സിംഗ് യാദവിനും മായാവതിക്കും പുറമെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും.

1993ല്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ആദ്യം മുലായവും പിന്നീട് 1995 ജൂണില്‍ മായാവതിയും മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. ലക്‌നൗ ഗസ്റ്റ് ഹൗസില്‍ മായാവതിക്കെതിരെ നടന്ന എസ് പി പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്നാണ് മായാവതി മുലായത്തിനുള്ള പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിനെ വീഴ്ത്തിയത്. ഈ സംഭവത്തിന് ശേഷം ഇരു നേതാക്കളും ആദ്യമായാണ് ഒരു വേദിയില്‍ വരുന്നത്. എല്ലാ പ്രതിപക്ഷ കക്ഷികളുടേയും പിന്തുണയുള്ള എസ് പി സ്ഥാനാര്‍ത്ഥിയായാണ് മുലായം മെയ്ന്‍പുരിയില്‍ ജനവിധി തേടുന്നത്.

ചരിത്ര ദിനം എന്നാണ് മായാവതിയുമായി വേദി പങ്കിടുന്നതിനെക്കുറിച്ച് മുലായം മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ തന്റെ സ്ഥാനാര്‍ത്ഥിത്വം ്പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് മുലായം സിംഗ് യാദവ് മായാവതിയുമായുള്ള സഖ്യത്തിനുള്ള അഖിലേഷിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. 2014ല്‍ അസംഗഡിലാണ് മുലായം മത്സരിച്ചത്. ഇത്തവണ അഖിലേഷ് ആണ് അസംഗഡില്‍ മത്സരിക്കുന്നത്. മെയ്ന്‍പുരിയില്‍ ബിജെപി ഇതുവരെ ജയിച്ചിട്ടില്ല.

This post was last modified on April 19, 2019 10:24 am