X

പുനരധിവാസ ഫണ്ട്: കേന്ദ്ര അനുമതിയില്ല, മന്ത്രിമാര്‍ വിദേശയാത്ര റദ്ദാക്കി; ഉപാധികളോടെ മുഖ്യമന്ത്രി വിദേശത്തേയ്ക്ക്

രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കരുത്, ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ പാടില്ല എന്നതടക്കമുള്ള വ്യവസ്ഥകളിലാണ് മുഖ്യമന്ത്രിക്ക് യാത്രാ അനുമതി നല്‍കിയത്.

പ്രളയദുരിതത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന, മന്ത്രിമാരുടെ വിദേശയാത്ര റദ്ദാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ഇന്ന് മുതല്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന യാത്ര റദ്ദാക്കിയത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെ യാത്രാ അനുമതി നല്‍കിയിട്ടുണ്ട്. വിദേശയാത്രയ്ക്ക് അനുമതി തേടി ചീഫ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് മറുപടിയുണ്ടായില്ല.

രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കരുത്, ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ പാടില്ല എന്നതടക്കമുള്ള വ്യവസ്ഥകളിലാണ് മുഖ്യമന്ത്രിക്ക് യാത്രാ അനുമതി നല്‍കിയത്. 17 മുതല്‍ 22 വരെ വിവിധ ലോക രാജ്യങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശനം നടത്തി, ഫണ്ട് സമാഹരിക്കണം എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് കേന്ദ്രം. അതേസമയം വിദേശത്തെ എന്‍ജിഒകളില്‍ നിന്നും മറ്റും സംഭാവനകള്‍ സ്വീകരിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

This post was last modified on October 17, 2018 8:03 am