X

“ഹിന്ദുവാണാ മുസ്ലീമാണോ എന്ന് ചോദിച്ചാല്‍ എന്റെ കുട്ടികള്‍ക്ക് മറുപടിയില്ലാതാകും, മനുഷ്യ ജീവനേക്കാള്‍ പശുവിന്റെ ജീവനാണ് ഇവിടെ വില”: നസിറുദ്ദീന്‍ ഷാ

നിയമം കയ്യിലെടുക്കുന്നവര്‍ക്ക് എല്ലാ വിധ സംരക്ഷണവും കിട്ടുകയാണ്. ഒരു പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ മരത്തിന് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യം - ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞു.

ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ച് തനിക്ക് ഭയമാണ് എന്ന് നടന്‍ നസീറുദ്ദീന്‍ ഷാ. എപ്പോള്‍ വേണമെങ്കിലും അക്രമാസക്തരായ ഒരു ആള്‍ക്കൂട്ടം എന്റെ കുട്ടികളെ വളഞ്ഞ് നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. അപ്പോള്‍ എന്റെ കുട്ടികള്‍ക്ക് മറുപടിയുണ്ടാകില്ല. കാരണം അവര്‍ക്ക് മതമില്ല. ഞങ്ങളുടെ കുട്ടികളെ മതം പഠിപ്പിച്ചിട്ടില്ല. ഇന്ത്യന്‍ സമൂഹത്തില്‍ അത്ര മാത്രം വിഷം പടര്‍ന്നിരിക്കുന്നു. ഈ ജിന്നിനെ തിരിച്ച് കുപ്പിയിലടക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വരും. നിയമം കയ്യിലെടുക്കുന്നവര്‍ക്ക് എല്ലാ വിധ സംരക്ഷണവും കിട്ടുകയാണ്. ഒരു പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ മരത്തിന് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യം – ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞു.

എനിക്ക് മതവിദ്യാഭ്യാസം കിട്ടിയിരുന്നു. പക്ഷെ ഭാര്യ രത്‌നയ്ക്ക് (രത്‌ന പട്‌നായിക്) ഇത്തരത്തില്‍ മത വിദ്യാഭ്യാസമൊന്നും കിട്ടിയിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കേണ്ടെന്ന് തീരുമാനിച്ചു. നന്മ-തിന്മകള്‍ക്ക് മതവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് കുട്ടികളെ മതാന്തരീക്ഷത്തിലല്ല വളര്‍ത്തിയത്. അവരെക്കുറിച്ച് ഓര്‍ത്ത് ഇപ്പോള്‍ പേടിയുണ്ട്. എനിക്ക് ദേഷ്യവും തോന്നുന്നുണ്ട്. ശരിയായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും നിലവിലെ സാഹചര്യങ്ങളില്‍ രോഷമുണ്ടാകും – നസീറുദ്ദീന്‍ ഷാ പറഞ്ഞു.

അതേസമയം സംഘപരിവാര്‍, ശിവസേന നേതാക്കള്‍ നസീറുദ്ദീന്‍ ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സോഷ്യല്‍മീഡിയയും സംഘപരിവാര്‍ അനുകൂലികള്‍ ഷായ്‌ക്കെതിരെ ആക്രമണം നടത്തന്നുണ്ട്്. നസീറുദ്ദീന്‍ പറഞ്ഞത് വലിയ മണ്ടത്തരമാണെന്നും അദ്ദേഹത്തിന്റെ കുട്ടികളെ ആള്‍ക്കൂട്ടം വളഞ്ഞ് ഇത്തരത്തില്‍ ചോദിച്ചാല്‍ ഹിന്ദുസ്ഥാനി എന്ന് പറയണമെന്നും ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞു. റോഹിംഗ്യ മുസ്ലീങ്ങളോട് ഇന്ത്യ വിടാനാണ് നസീറുദ്ദീന്‍ ഷാ ആദ്യം പറയേണ്ടത് എന്ന് ആര്‍എസ്എസ് നേതാവും ബിജെപി രാജ്യസഭ എംപിയുമായ രാകേഷ് സിന്‍ഹ അഭിപ്രായപ്പെട്ടു. നസീറുദ്ദീന്‍ ഷായുടെ താഴ്ന്ന നിലവാരത്തിലുള്ള ചിന്തയാണ് ഇത് പ്രകടമാക്കുന്നതെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.

നേരത്തെ നടന്‍ ആമിര്‍ ഖാനും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുകയാണെന്നും മകന്റെ ഭാവിയെപ്പറ്റി ഭയമുള്ളതിനാല്‍ ഇന്ത്യ വിട്ടുപോകുന്നതിനെപ്പറ്റി ഭാര്യ സംസാരിച്ചതായും ആമിര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ആമിറിനെതിരെ ബിജെപി, സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയരുകയും ആമിര്‍ പിന്നീട് പ്രസ്താവന പിന്‍വലിക്കുകയുമായിരുന്നു.

This post was last modified on December 20, 2018 9:32 pm