X

ചീഫ് ജസ്റ്റിസിനെതിരായ അന്വേഷണം: ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത തള്ളി സുപ്രീം കോടതി

അന്വേഷണ സമിതി മറ്റ് ജഡ്ജിമാരുടെ അഭിപ്രായം തേടാറില്ലെന്ന് സുപ്രീം കോടതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണ കേസ് അന്വേഷിക്കുന്ന രീതിയില്‍ ചില ജഡ്ജിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വാര്‍ത്ത സുപ്രീം കോടതി നിഷേധിച്ചു.
ഇത്തരത്തിലൊരു വാര്‍ത്ത ഒരു പ്രധാന ദിനപത്രം പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. ജസ്റ്റിസ് ബോബ്ദെയെ ഡിവൈ ചന്ദ്രചൂഡും ആര്‍എഫ് നരിമാനും മെയ് മൂന്നാം തീയതി വൈകീട്ട് സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്ന സുപ്രീം കോടതി ആഭ്യന്തര സമിതി മറ്റ് ജഡ്ജിമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കാറുള്ളതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിമാര്‍ സുപ്രീം കോടതി സമതിയെ കണ്ടുവെന്നായിരുന്നു വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട ചന്ദ്രചൂഡ് ഈ മാസം രണ്ടാം തീയതി പാനലിന് കത്തു നല്‍കിയിരുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു. .

അന്വേഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. ഒരു അഭിഭാഷകയെ അനുവദിക്കുകയോ അല്ലെങ്കില്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുകയോ വേണമെന്ന പരാതിക്കാരിയുടെ ആവശ്യത്തെ അംഗീകരിക്കണമെന്നാണ് ജഡ്ജിമാര്‍ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇതൊരു സാധാരണ പരാതിയല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണമാണെന്നും അതുകൊണ്ട് തന്നെ അതിന്റെ ഗൗരവത്തില്‍ കണ്ട് ഒരു അഭിഭാഷകയെ ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം.

പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് കോടതി ഒരു അഭ്യന്തര സമിതിയെ നിയോഗിച്ചത്. കമ്മിറ്റിയില്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് എന്‍വി രമണ പിന്നീട് സമിതിയില്‍നിന്ന് ഒഴിവാകുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഗൊഗോയിയുമായി തനിക്ക് കുടുംബ സമാനമായ ബന്ധമാണ് ഉള്ളതെന്ന് പറഞ്ഞാണ് അദ്ദേഹം അന്വേഷണ സമിതിയില്‍നിന്ന് പിന്‍വാങ്ങിയത്. ഇതിന് ശേഷമാണ് ഇന്ദു മല്‍ഹോത്ര സമിതിയില്‍ എത്തുന്നത്.

This post was last modified on May 5, 2019 1:21 pm