X

കീടനാശിനി പ്രയോഗം: മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ മരണം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

ഭൂരിഭാഗം കര്‍ഷകര്‍ക്കും കാര്‍ഷികോപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായവും സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് പ്രശ്‌നമെന്നും മനുഷ്യാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.

മഹാരാഷ്ട്രയില്‍ പരുത്തി വിളകള്‍ക്ക് കീടനാശിനി പ്രയോഗം നടത്തുന്നത് മൂലമുള്ള ഇന്‍ഫെക്ഷന്‍ കാരണം കര്‍ഷകര്‍ വര്‍ദ്ധിച്ച തോതില്‍ മരണപ്പെടുന്ന പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ നിരവധി കര്‍ഷകര്‍ ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. പല കര്‍ഷകരും ഗുരുതരാവസ്ഥയിലാണ്. 18ഓളം വരുന്ന കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും മരണം അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറി, കേന്ദ്ര കൃഷി മന്ത്രാലയം എന്നിവയോടാണ് നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് സൗജന്യ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെടുന്നു. കര്‍ഷകര്‍ ഗ്ലൗസ് ധരിക്കുകയും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ എടുക്കുകയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യാത്തതാണ് ദുരന്തത്തിന് കാരണമാകുന്നതെന്നാണ് കൃഷി മന്ത്രി പറയുന്നത്. കര്‍ഷകര്‍ക്ക് സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരിക്കുന്നു.

അതേസമയം കര്‍ഷകര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെടുന്നു. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണം. അതേസമയം ഭൂരിഭാഗം കര്‍ഷകരും നിരക്ഷരരാണെന്നും കാര്‍ഷികോപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായവും സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് പ്രശ്‌നമെന്നും മനുഷ്യാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കമ്മീഷന്‍ പറയുന്നു.

This post was last modified on October 12, 2017 11:05 am