X

കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: സിപിഎം പിബി

അഭിപ്രായ ഭിന്നത സംബന്ധിച്ച വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് പറയുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ചോ ഗവര്‍ണറുടെ നടപടി സംബന്ധിച്ചോ പൊളിറ്റ് ബ്യൂറോ ഒന്നും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ പാര്‍ട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും അടിസ്ഥാന രഹിതമാണ് എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരിക്കുന്നു. തിരുവനന്തപുരത്ത് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത യോഗം ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് എന്ന തരത്തില്‍ വന്നതിലും ഗവര്‍ണര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചതിന് വഴങ്ങിയതിനും (മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ നടപടി) കേന്ദ്രനേതൃത്വം അതൃപ്തി വ്യക്തമാക്കിയതായും ഇന്നലെ വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പിബി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

അതേസമയം ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വ്യാജ വാര്‍ത്ത കൊടുത്തതാണെന്നും കേന്ദ്ര നേതൃത്വം ഇത്തരത്തില്‍ യാതൊരു അതൃപ്തിയും മുഖ്യമന്ത്രിയുടെ നടപടി സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് സിപിഎം മുഖപത്രം ദേശാഭിമാനി റിപ്പോര്‍്ട്ട് ചെയ്തത്. പിബി അംഗം പ്രകാശ് കാരാട്ട് ഇക്കാര്യം തങ്ങളോട് പറഞ്ഞു എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അഭിപ്രായ ഭിന്നത സംബന്ധിച്ച വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുമ്പോളും മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ചോ ഗവര്‍ണറുടെ നടപടി സംബന്ധിച്ചോ പൊളിറ്റ് ബ്യൂറോ ഒന്നും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

This post was last modified on August 2, 2017 5:49 pm