X

ഒരു ആം ആദ്മി പാര്‍ട്ടി എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു

ഏഴ് എഎഎപി എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിട്ട് തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി ബിജെപി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിന് (മേയ് 12) ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ എഎപി എംഎല്‍എയാണ് ബിജെപിയേലേക്ക് പോകുന്നത്. ഡല്‍ഹിയിലെ ബിജ്വാസാന്‍ മണ്ഡലത്തില്‍ നിന്നുള്ള എഎപി എംഎല്‍എ ആയ ദേവീന്ദര്‍ സിംഗ് സെഹ്രാവത് ആണ് ബിജെപിയിലേയ്ക്ക് കൂട് മാറിയത്. നേരത്തെ ഗാന്ധിനഗര്‍ എംഎല്‍എ അനില്‍ ബാജ്‌പേയ് ബിജെപിയിലേയ്ക്ക് പോയിരുന്നു. ഡല്‍ഹിയിലെ ആകെയുള്ള ഏഴ് ലോക്‌സഭ സീറ്റുകളില്‍ മേയ് 12നാണ് വോട്ടെടുപ്പ്. എഎപിയും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് താനെന്നും അവഗണിക്കപ്പെട്ടതുകൊണ്ടും പാര്‍ട്ടിയുടെ പോക്കില്‍ നിരാശനായതുകൊണ്ടുമാണ് പാര്‍ട്ടി വിടുന്നത് എന്നുമാണ് ദേവീന്ദ്രര്‍ സെഹ്രാവതിന്റെ വിശദീകരണം. റിട്ടയര്‍ഡ് ആര്‍മി കേണലാണ് ദേവീന്ദര്‍ സിംഗ് സെഹ്രാവത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടി നേതൃത്വം തന്നെ അപമാനിക്കുകയാണ് എന്നും തന്റെ മണ്ഡലം കടുത്ത അവഗണന നേരിടുകയാണ് എന്നും ദേവീന്ദര്‍ പറയുന്നു. ദേവീന്ദറിനെ 2016ല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് എഎപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ടിക്കറ്റ് നല്‍കുന്നതിനായി വനിതകളെ പഞ്ചാബിലെ പാര്‍ട്ടി നേതാക്കള്‍ ചൂഷണം ചെയ്യുന്നതായി ദേവീന്ദര്‍ സിംഗ് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കിയിരുന്നു.

ഏഴ് എഎഎപി എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിട്ട് തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി ബിജെപി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നതാണോ നിങ്ങളുടെ ജനാധിപത്യം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കഴിഞ്ഞ ദിവസം കെജ്രിവാള്‍ ട്വിറ്ററില്‍ ചോദിച്ചിരുന്നു.

This post was last modified on May 6, 2019 6:07 pm