X

50 ശതമാനം വിവിപാറ്റുകളും എണ്ണണം: പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേയ്ക്ക്

ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

50 ശതമാനം വിവിപാറ്റുകളും എണ്ണണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ശതമാനം വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ട്രെയില്‍ മെഷീന്‍സ്) സ്ലിപ്പുകള്‍ എണ്ണണം എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ തീരുമാനത്തില്‍ തൃപ്തിയില്ല എന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നും പ്രതിപക്ഷം ആരോപിക്കുന്നു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആന്ധ്രപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറ് സംബന്ധിച്ച പരാതികള്‍ വ്യാപകമായിരുന്നു. വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ടര്‍മാര്‍ കാണുന്നതിന് മുമ്പ് തന്നെ മാഞ്ഞുപോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ബിജെപിയുടെ വാദങ്ങള്‍ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കുന്നുള്ളൂ എന്ന പരാതി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ആവശ്യവുമായി രംഗത്തുള്ളത്.

വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി, സുതാര്യത ഉറപ്പുവരുത്തുന്നതിനായി 21 പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിവിപാറ്റിലൂടെ മാത്രമേ വോര്‍ട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസമുറപ്പിക്കാനാകൂ എന്ന് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ ഇവിഎം ഉപേക്ഷിച്ച് പേപ്പര്‍ ബാലറ്റിലേയ്ക്ക് തിരിച്ചുപോയ കാര്യം നായിഡു ചൂണ്ടിക്കാട്ടി.

4583 ഇവിഎമ്മുകള്‍ തകരാറിലായിരുന്നു ആന്ധ്രപ്രദേശില്‍. എന്നാല്‍ ഇവിഎമ്മുകള്‍ക്ക് ഒരു കുഴപ്പവുമില്ല എന്നാണ് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞത്. ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ബ്രാഞ്ച് ഓഫീസ് പോലെയായി എന്നും നായിഡു ആരോപിച്ചു.

This post was last modified on April 14, 2019 5:26 pm