X

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിന്റെ ജമാഅത്ത് ഉദ് വയെ പാകിസ്താന്‍ നിരോധിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ന് ചേര്‍ന്ന നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്

മുംബയ് ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിന്റെ ജമാ അത്ത് ഉദ് ദവ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു. ജെയുഡിയുടെ സന്നദ്ധ സംഘടനയായ ഫലാ ഇ ഇന്‍സിയാത് സംഘടനയേയും നിരോധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ന് ചേര്‍ന്ന നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത് എന്ന് പാക് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഈ രണ്ട് സംഘടനകളും ആഭ്യന്തര മന്താലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് എതിരായ ദേശീയ കര്‍മ്മ പദ്ധതി എന്‍ എസ് സി വിലയിരുത്തി. പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും വിവിധ സേനാ വിഭാഗങ്ങളുടെ മേധാവികളും പങ്കെടുത്തു.

ഇത് പുതിയ പാകിസ്താന്‍ ആണെന്നും ഈ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള കെല്‍പ്പ് ഈ രാജ്യത്തിനുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാവുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് എന്‍ എസ് സി അനുമതി നല്‍കിയതായി പാകിസ്താനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രസിഡന്റ് മംമ്‌നൂണ്‍ ഹുസൈന്‍ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമ ഭേദഗതി പ്രകാരം യുഎന്‍ രക്ഷാസമതി ഭീകര പട്ടികയില്‍ പെടുത്തിയ സംഘടനകളെ പാകിസ്താന്‍ നിരോധിത പട്ടികയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ബില്‍ ലാപ്‌സായതിനാല്‍ ഹാഫിസ് സയീദിന്റെ രണ്ട് സംഘടനകളും ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.

പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താനോട് ആവശ്യപ്പെട്ട ഇന്ത്യ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. നേരത്തെ പുല്‍വാമ ഭീകരാക്രണത്തില്‍ നടപടിയെടുക്കാന്‍ തെളിവുകള്‍ വേണമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് ഇ ഇന്ത്യ തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പാകിസ്താനെതിരായ യുദ്ധ കാഹളം ഇന്ത്യയില്‍ മുഴങ്ങുന്നത് എന്നും ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം പാകിസ്താനിലെ ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും ആക്രമണത്തിന് ശേഷം സുരക്ഷസേന വധിച്ച മൂന്ന് പേര്‍ പാകിസ്താന്‍കാരാണെന്നുമായിരുന്നു കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മറുപടി. മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തെളിവുകള്‍ കൈമാറിയിട്ടും പാകിസ്താന്‍ എന്ത് നടപടി സ്വീകരിച്ചു എന്നും ജയ്റ്റ്‌ലി ചോദിച്ചിരുന്നു.

This post was last modified on February 21, 2019 10:57 pm