X

ഹർത്താൽ ആക്രമം: നാടിന്റെ സമാധാനം തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

ക്രമസമാധാന പാലനത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങളെ അദ്ദേഹം തള്ളി കളഞ്ഞു

ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ചു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർന്ന് കൊണ്ടിരിക്കുന്ന ആക്രമ സംഭവങ്ങളെ കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ചുള്ള ആക്രമണ പദ്ധതികളാണ് സംസ്ഥാനത്ത് സംഘപരിവാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ സമാധാനം തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത് ഒരു തരത്തിലും അനുവദിക്കില്ല. ശക്തമായ നടപടികളിലൂടെ അതിനെ നേരിടും. അക്രമം ഒരു കൂട്ടരുടെ മാത്രം മാര്‍ഗമാണ്, അതിനെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഫലപ്രദമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ സംയമനം പാലിച്ച് ബഹുജനപ്രതിരോധമുയര്‍ത്താനാണ് ആളുകള്‍ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തരെയും ആക്രമിക്കുന്നതിലൂടെയും, പൊതുകെട്ടിടങ്ങളും വിവിധ പാര്‍ടികളുടെ ഓഫീസുകളും തകര്‍ക്കുന്നതിന്റെയെല്ലാം ഉദ്ദേശം ഒന്നുതന്നെയാണ്. നാട്ടില്‍ വലിയ തോതിലുള്ള പ്രകോപനം സൃഷ്ടിക്കാനാണ് സംഘപരിവാറിന്റെ നീക്കം. ഇതിനുവേണ്ടിയുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ഈ കാര്യത്തെ ഒറ്റക്കെട്ടായി അപലപിക്കാന്‍ കേരളത്തിന് കഴിയേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവിടേയും ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് അതിനെ അപലപിക്കാന്‍ തയ്യാറാകാതെ നില്‍ക്കുന്ന സമീപനം കോണ്‍ഗ്രസ് അടക്കമുള്ള പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ സ്വീകരിക്കുന്നുണ്ട് എന്നത് നിര്‍ഭാഗ്യകരമാണ്.

അതെ സമയം ക്രമസമാധാന പാലനത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങളെ അദ്ദേഹം തള്ളി കളഞ്ഞു. പൊലീസ് ഇത്തരം സംഭവങ്ങളെ നേരത്തെ കാണുകയും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് – മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 3178 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 1286 കേസുകളിലായി 37979 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ 487 പേരെ റിമാൻഡ് ചെയ്യുകയും 2691 പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

Related Post
Leave a Comment