X

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ പ്രധാന ആസൂത്രകനെന്ന് സിബിഐ, യുഎപിഎ ചുമത്തി

ജയരാജനെതിരെ യുഎപിഎ അടക്കം 15 വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്.

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. ഒന്നാം പ്രതി വിക്രമനുമായി ചേര്‍ന്ന് ജയരാജന്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ ആരോപിക്കുന്നു. ശക്തമായ തെളിവുകള്‍ ജയരാജനെതിരെ ഉണ്ടെന്നാണ് സിബിഐ അവകാശപ്പെടുന്നത്. കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ജയരാജനെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന ആക്രമണമാണ് മനോജിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്. മറ്റ് കൊലയാളികളെ ഏകോപിപ്പിച്ചത് വിക്രമനാണ്. ജയരാജനെതിരെ യുഎപിഎ അടക്കം 15 വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. 25ാം പ്രതിയാണ് ജയരാജന്‍.

കേസിലെ രണ്ടാംഘട്ട കുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചത്. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ ജയരാജന്‍ ഉള്‍പ്പടെ ആറ് പ്രതികളാണുള്ളത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പയ്യന്നൂരിലെ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ടിഎ മധുസൂധനന്‍, സിപിഎം പ്രവര്‍ത്തകരായ റെജിലേഷ്, ഷജിലേഷ്, മഹേഷ് ഉള്‍പ്പെടെയുള്ള പ്രതികളും ഈ കുറ്റപത്രത്തിലുണ്ട്. ഇവരൊക്കെ കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയവരാണെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്.

2014 സപ്തംബര്‍ ഒന്നിന് വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ഒരുസംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ 19 പേരെ പ്രതികളാക്കി സി.ബി.ഐ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗൂഢാലോചനയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പി.ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്. ജയരാജന് നേരെയുള്ള വധശ്രമത്തിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ആദ്യ കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ മുഖ്യപ്രതി വിക്രമനുമായി അജ്ഞാതനായ ഒരാള്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇതിലുള്ളത്. ആ അജ്ഞാതന്‍ ജയരാജനാണെന്നാണ് ഇപ്പോള്‍ സി.ബി.ഐയുടെ വാദം.

This post was last modified on August 31, 2017 11:57 am