X

ശശിക്കെതിരായ പരാതി: പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം; മനുഷ്യര്‍ക്ക് തെറ്റ് പറ്റുമെന്ന് എംസി ജോസഫൈന്‍

പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

സി.പി.എം നേതാവ് പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രാഥമിക പരിശോധനയ്ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഡിജിപിയുടെ ഓഫീസില്‍ ലഭിച്ച പരാതികള്‍ തൃശൂര്‍ റേഞ്ച് ഐ.ജിക്കാണ് കൈമാറിയിരിക്കുന്നത്. കെ.എസ്.യു, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഷൊര്‍ണൂര്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ നേരിട്ട് കേസെടുക്കാനാവില്ല. ഇത് സംബന്ധിച്ച ആരോപണം പരിശോധിക്കാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കി.

അതേസമയം സി.പി.എം നേതാവ് പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ വിവാദ പ്രസ്താവനയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഇത്തരം തെറ്റുകള്‍ മനുഷ്യന്മാരാവുമ്പോള്‍ സാധാരണയായി സംഭവിക്കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷയും സിപിഎം നേതാവുമായ എംസി ജോസഫൈന്‍ പറഞ്ഞത് വലിയ വിവാദമാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാനാവില്ലെന്ന് ജോസഫൈന്‍ പറഞ്ഞു.

പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. പരാതിക്കാരിയായ യുവതി കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ല. പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി എടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

This post was last modified on September 5, 2018 7:11 pm