X

11കാരിയായ മകളുമായി വേര്‍പെട്ടു, ബാങ്കോക്കില്‍ കുടുങ്ങിയ പോളണ്ടുകാരി സുഷമ സ്വരാജിന്റെ സഹായം തേടി

പോളിഷുകാരിയായ മാര്‍ത്ത കോട്‌ലാര്‍സ്‌കയുടെ മകള്‍ ഇപ്പോള്‍ ഗോവയിലെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പമാണ്.

11കാരിയായ മകളുമായി വേര്‍പെട്ട്, ബാങ്കോക്കില്‍ കുടുങ്ങിയ പോളണ്ടുകാരി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടി. വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മകളില്‍ നിന്ന് വേര്‍പ്പെട്ട ഇവര്‍ ട്വിറ്ററിലൂടെയാണ് സഹായം തേടിയത്. പോളിഷുകാരിയായ മാര്‍ത്ത കോട്‌ലാര്‍സ്‌കയുടെ മകള്‍ ഇപ്പോള്‍ ഗോവയിലെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പമാണ്. 42കാരിയായ മാര്‍ത്ത നിലവില്‍ തായ്‌ലന്റിലെ ബാങ്കോക്കില്‍ കുടുങ്ങിയിരിക്കുകയാണ്.

ആര്‍ട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ മാര്‍ത്തയെ മാര്‍ച്ച് 24ന് ശ്രീലങ്കയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോള്‍ തിരിച്ചുവിടുകയായിരുന്നു. ബി 2 ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള ഫോറിനര്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് മാര്‍ത്തയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അധിക ദിവസം താമസിച്ചു എന്ന് പറഞ്ഞാണ് ഇത്. അതേസമയം ഇത് തെറ്റിദ്ധാരണ മൂലമാണ് എന്ന് പറയുന്നു.

ഗോവയില്‍ നിന്നാണ് മാര്‍ത്ത ശ്രീലങ്കയിലേയ്ക്ക് പോയത്. ഇന്ത്യയിലെ 180 ദിവസത്തെ വിസ കാലാവധി തീര്‍ന്നിരുന്നു. പിന്നീട് റീ എന്‍ട്രി ആവശ്യമാണ്. അതേസമയം ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ താന്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയുകയാണ് ഉണ്ടായതെന്നും ഇതുകൊണ്ടാണ് തായ്‌ലാന്റിലേയ്ക്ക് പോകേണ്ടി വന്നത് എന്നും മാര്‍ത്ത എന്‍ഡിടിവിയോട് പറഞ്ഞു.

മാര്‍ത്ത കോട്‌ലാര്‍സ്‌ക 2018 സെപ്റ്റംബറിലാണ് പോളണ്ടിലെ വാഴ്‌സയില്‍ നിന്ന് ഗോവയിലെത്തിയത്. ഗോവന്‍ സംസ്‌കാരം സംബന്ധിച്ച ഒര ഫോട്ടോ ഫീച്ചറിനായി. സുഷമ സ്വരാജില്‍ മാത്രമാണ് തനിക്ക് പ്രതീക്ഷയുള്ളത് എന്നാണ് മാര്‍ത്ത പറയുന്നത്. ആഭ്യന്തര മന്ത്രാലയത്തിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സഹായാഭ്യര്‍ത്ഥനയുമായി മാര്‍ത്ത സമീപിച്ചു.