X

മോദിയുടെ ആര്‍എസ്എസ് ശൗര്യമാണ്‌ അഭിനന്ദനെ പെട്ടെന്ന് ഇന്ത്യയിലെത്തിച്ചത്: സ്മൃതി ഇറാനി

"സംഘപരിവാറിന് അഭിമാനിക്കാം, ഭാരതത്തിന്റെ പുത്രന്‍ ഒരു സ്വയംസേവകന്റെ ശൗര്യം മൂലം 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നു" - സ്മൃതി ഇറാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആര്‍എസ്എസ് ശൗര്യമാണ് (പരാക്രം) പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെറും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കാന്‍ സഹായിച്ചത് എന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. “സംഘപരിവാറിന് അഭിമാനിക്കാം, ഭാരതത്തിന്റെ പുത്രന്‍ ഒരു സ്വയംസേവകന്റെ ശൗര്യം മൂലം 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നു”. ന്യൂഡല്‍ഹിയില്‍ ബിജെപി നേതാവ് സുധാംശു മിത്തലിന്റെ ആര്‍എസ്എസ്: ബില്‍ഡിംഗ് ഇന്ത്യ ത്രൂ സേവ (RSS: Building India Through Seva) എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. പിടിഐ ആണ് ഇക്കാര്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്.

ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനുമായുള്ള സംഘര്‍ഷങ്ങളേയും സൈനിക നടപടികളേയും നയതന്ത്ര ഇടപെടലുകളേയും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുള്ളപ്പോളാണ് സ്മൃതി ഇറാനിയുടെ വിവാദ പരാമര്‍ശം. പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നും കര്‍ണാടകയില്‍ 22 സീറ്റ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ പറഞ്ഞത് വലിയ വിവാദമായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒരു റാലിയില്‍ ചോദിച്ചത് ആര്‍ക്കാണ് ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുക എന്നാണ്. മഹാസഖ്യ പാര്‍ട്ടികള്‍ക്കോ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കോ എന്ന് അമിത് ഷാ ചോദിച്ചിരുന്നു.

This post was last modified on March 2, 2019 8:23 am

Related Post
Leave a Comment