X

59 മിനുട്ടില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് ലോണ്‍: ദീപാവലി സമ്മാനമെന്ന് പ്രധാനമന്ത്രി

നോട്ട് നിരോധനവും ജി എസ് ടിയും ചെറുകിട, ഇടത്തരം വ്യവസായങ്ങളേയും വ്യാപാരികളേയും തകര്‍ത്തതായി വിമര്‍ശനം ശക്തമായിരുന്നു. ഇതിനുള്ള മറുപടിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മോദി നല്‍കാനുദ്ദേശിക്കുന്നത്.

ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി 59 മിനുട്ട് ലോണ്‍ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി രൂപ വരെ വായ്പയായി ലഭിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിനായുള്ള പുതിയ പദ്ധതികളുടെ ഭാഗമായാണിത്. ഇത് ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ദീപാവലി സമ്മാനമാണ് – മോദി പറഞ്ഞു. ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുന്ന നയമാണ് മോദി സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസും പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു.

നോട്ട് നിരോധനവും ജി എസ് ടിയും ചെറുകിട, ഇടത്തരം വ്യവസായങ്ങളേയും വ്യാപാരികളേയും തകര്‍ത്തതായി വിമര്‍ശനം ശക്തമായിരുന്നു. ഇതിനുള്ള മറുപടിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മോദി നല്‍കാനുദ്ദേശിക്കുന്നത്. ഒരു സംരംഭം തുടങ്ങാന്‍ ഒരു സഹോദരനോ സഹോദരിക്കോ വെറും 59 മിനുട്ടില്‍ ലോണ്‍ കിട്ടുന്നു. വെറും 59 മിനുട്ട് – പദ്ധതി ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. ഒരു കോടി വരെയുള്ള വായ്പകള്‍ക്ക് രണ്ട് ശതമാനം പലിശയിളവ് നല്‍കുമെന്നും ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനിലെ ഉദ്ഘാടന ചടങ്ങില്‍ മോദി പറഞ്ഞു.

ഫാക്ടറികളുടെ ഇന്‍സ്‌പെക്ഷന്‍ ഓണ്‍ലൈന്‍ അലോട്ട്‌മെന്റ്് വഴിയാക്കും. പരിശോധന നടത്താന്‍ പോകുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണം. ഇപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും എവിടെ കയറിയും പരിശോധന നടത്താവുന്ന നിലയാണ്. ഇനി മുതല്‍ എന്തിന് പരിശോധന നടത്തി എന്ന ചോദ്യം വരും. ഫാക്ടറികള്‍ക്കുള്ള പരിസ്ഥിതി അനുമതിയുടെ നടപടിക്രമങ്ങള്‍ ഉദാരമാക്കുമെന്നും അനാവശ്യ വ്യവസ്ഥകള്‍ ഒഴിവാക്കുമെന്നും മോദി പറഞ്ഞു.