റാഫേല്‍ കരാര്‍ അഴിമതിയുടെ കാര്യത്തില്‍ ബോഫോഴ്‌സ് ഇടപാടിന്റെ പിതാവായിട്ട് വരുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം ദേശീയ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളൊന്നും റാഫേല്‍ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ശിവസനേ നേതാവ് പറഞ്ഞു. സോണിയ ഗാന്ധിയുടെ ബന്ധുക്കള്‍ക്ക് ബോഫോഴ്‌സ് ഇടപാട് വഴി 65 കോടി രൂപ കിട്ടിയെന്ന് ആരോപിച്ചവരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. റാഫേല്‍ ഇടപാടില്‍ 700 കോടി തട്ടിയെന്നാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ശിവസേന മുഖപത്രം സാംനയിലെ ലേഖനത്തില്‍ റാവത്ത് പറയുന്നു.
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് ഒരു രാഹുല്‍ ഗാന്ധി അനുകൂലിയും ദേശവിരുദ്ധനുമാണ് എന്ന് പറയേണ്ടി വരുമെന്ന് ശിവസേന നേതാവ് ബിജെപിയെ പരിഹസിക്കുന്നു. അനില്‍ അംബാനിക്ക് കരാര്‍ കൊടുത്തതിനെക്കുറിച്ചല്ല ചോദിക്കാനുള്ളത്. യുപിഎ സര്‍ക്കാര്‍ 527 കോടി രൂപക്ക് അന്തിമ രൂപം നല്‍കിയ കരാര്‍ മോദി സര്‍ക്കാര്‍ 1570 കോടി രൂപയിലെത്തിച്ചതിനെ പറ്റിയാണ്. ഇതിനര്‍ത്ഥം 1000 കോടി രൂപ ഇടനിലക്കാര്‍ കൊണ്ടുപോയി എന്നാണ് എന്ന് സഞ്ജയ് റാവത്ത് അഭിപ്രായപ്പെടുന്നു. രാഹുല്‍ ഗാന്ധി പാകിസ്താനെ സഹായിക്കുകയാണ് എന്ന് ബിജെപി ആരോപിക്കുന്നു. ബോഫോഴ്‌സില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച ബിജെപിയും അത് തന്നെയല്ലെ അന്ന് ചെയ്തതെന്ന് ശിവസേന നേതാവ് ചോദിച്ചു.
ഇന്ദിര ഗാന്ധിയുടേയോ രാജീവ് ഗാന്ധിയുടെയോ ധൈര്യം പ്രധാനാമന്ത്രി നരേന്ദ്ര മോദിക്കില്ലെന്ന് കഴിഞ്ഞ ദിവസം സാംന അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയെ കൊല്ലാൻ പദ്ധതിയിട്ടെന്നാരോപിച്ച് പൊതുപ്രവർത്തകരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്ത നടപടിയെ ശിവസേന മുഖപത്രം പരിഹസിക്കുകയും ചെയ്തിരുന്നു. അറസ്റ്റിനു കാരണമായി പൊലീസ് ഉന്നയിക്കുന്ന കാര്യങ്ങൾ പരിഹാസ്യമാണെന്ന് സാമ്ന പറഞ്ഞിരുന്നു. രാജീവ് ഗാന്ധിയെ കൊന്ന ശൈലിയിൽ മോദിയെ കൊല്ലാനാണ് പിടിയിലായ പൊതുപ്രവർത്തകർ പദ്ധതിയിട്ടതെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് സാംന ഇക്കാര്യം അഭിപ്രായപ്പെട്ടത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ധീരതയുള്ളവരായിരുന്നു. അവരുടെ ധീരതയും സ്ഥൈര്യവുമാണ് അവര്‍ക്ക് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരമൊരു ധൈര്യവും സാഹസവും ഒരുകാലത്തും മോദിക്കുണ്ടായിരുന്നില്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം റാഫേല്‍ കരാറില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ല എന്ന പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ പരാമര്‍ശം എന്‍സിപിയില്‍ പൊട്ടിത്തെറിയുണ്ടാക്കുകയും ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയും ചെയ്തിരുന്നു.
Leave a Comment