X

“മോദിജീ പറയൂ, എന്തുകൊണ്ട് റാഫേല്‍ ഫയല്‍ പരീഖര്‍ജിയുടെ ബെഡ് റൂമില്‍? കോണ്‍ഗ്രസിന്റെ ചോദ്യ പേപ്പര്‍

മോദിക്കുള്ള കോണ്‍ഗ്രസിന്റെ ചോദ്യ പേപ്പര്‍.

#ModibunksRafaleExam ട്വിറ്ററിലെ ട്രെന്‍ഡിംഗ് ഹാഷ് ടാഗുകളിലൊന്നാണ്. മോദി റാഫേല്‍ പരീക്ഷയില്‍ നിന്ന് മുങ്ങി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പറഞ്ഞതും അത് തന്നെ പാര്‍ലമെന്റിലെ റാഫേല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയി എന്ന്. താന്‍ ഇന്നലെ പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങളില്‍ നാലെണ്ണം പ്രധാനമന്ത്രിയോട് ചോദിക്കണം എന്നാണ് രാഹുല്‍ ഗാന്ധി, പഞ്ചാബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

റാഫേല്‍ ചോദ്യങ്ങള്‍ നേരിടാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ല എന്നും രാഹുല്‍ പരിഹസിച്ചിരുന്നു. റാഫേല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞത് ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു. ട്വിറ്ററിലും മറ്റും നാല് ചോദ്യങ്ങളുമായി കറപ്ഷന്‍ അനാലിസിസ് എന്ന പേരില്‍ ചോദ്യ പേപ്പര്‍ ഇറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്‌. 1600 മാര്‍ക്കാണ് നല്‍കുക. 24 മണിക്കൂറാണ് പരീക്ഷ സമയം.

മോദിക്കുള്ള കോണ്‍ഗ്രസിന്റെ നാല് ചോദ്യങ്ങള്‍ ഇവയാണ്:

1. വ്യോമസേനയ്ക്ക് 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വേണ്ടിയിരുന്നിടത്ത് 36 വിമാനങ്ങളാക്കി അത് കുറച്ചത് എന്തുകൊണ്ട്?

2. ഒരു വിമാനത്തിന് 560 കോടി രൂപയ്ക്ക് പകരം എന്തുകൊണ്ട് 1600 കോടി രൂപയായി?

3. എന്തുകൊണ്ട് ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) പകരം അനില്‍ അംബാനി വന്നു?

4. മോദിജീ ദയവായി പറയൂ പറയൂ, എന്തുകൊണ്ടാണ് പരീഖര്‍ജി റാഫേല്‍ ഫയല്‍ അദ്ദേഹത്തിന്റെ ബെഡ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നത്? എന്താണ് അതിനുള്ളിലുള്ളത്‌?

This post was last modified on January 3, 2019 5:57 pm