X

റാഫേല്‍ പുന:പരിശോധന ഹര്‍ജി മേയ് 10ലേയ്ക്ക് മാറ്റി; രാഹുലിനെതിരായ കോടതിയലക്ഷ്യ കേസും അന്ന് തന്നെ

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയിരിക്കുന്ന കോടതിയലക്ഷ്യ ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കും.

റാഫേല്‍ കേസിലെ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മേയ് 10ലേയ്ക്ക് (വെള്ളിയാഴ്ച) മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയിരിക്കുന്ന കോടതിയലക്ഷ്യ ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കും.

റാഫേല്‍ പുനപരിശോധനയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് ലെറ്റര്‍ ഓഫ് അഡ്‌ജേണ്‍മെന്റ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ആവശ്യമില്ല എന്ന 2018 ഡിസംബറിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പരിഗണിക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

റാഫേല്‍ കേസില്‍ “കാവല്‍ക്കാരന്‍ കള്ളനാണ്” (“ചൗക്കീദാര്‍ ചോര്‍ ഹേ”) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ച് സുപ്രീം കോടതിയും പറഞ്ഞതായി രാഹുല്‍ ഗാന്ധി പറഞ്ഞതാണ് കോടതിയലക്ഷ്യ കേസിലേയ്ക്ക് നയിച്ചത്. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി പറഞ്ഞതിലേയ്ക്ക് കോടതിയെ വലിച്ചിഴച്ചതില്‍ രാഹുല്‍ ഖേദ പ്രകടിപ്പിച്ചിരുന്നെങ്കിലും രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരെ കോടതി നടത്തിയത്. മേയ് 12ന് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടവും 19ന് ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പും നടക്കും.

This post was last modified on May 6, 2019 3:19 pm