രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം താല്‍പര്യപ്പെട്ടിരുന്നതായും എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ പുറംതിരിഞ്ഞു നിന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പിസി ചാക്കോ കുറ്റപ്പെടുത്തി. എഎപിയുമായി സഖ്യമില്ലെന്ന് തീരുമാനം ഔദ്യോഗികമായി അറിയിച്ച ശേഷമാണ് പിസി ചാക്കോ ഇക്കാര്യം പറഞ്ഞത്. നാല് സീറ്റ് എഎപിക്ക്, മൂന്ന് സീറ്റ് കോണ്‍ഗ്രസിന് എന്ന ഫോര്‍മുലയ്ക്ക് ഒരു ഘട്ടത്തില്‍ ഇരു പാര്‍ട്ടികളും തയ്യാറായിരുന്നു. രാഹുല്‍ ഗാന്ധി സഖ്യത്തിന് വേണ്ടി ശ്രമിച്ചിരുന്നു. എഎപിയുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇരു പാര്‍ട്ടികളും ഒരുമിച്ച് നിന്ന് ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രാഷ്ട്രീയ ആവശ്യം – പിസി ചാക്കോ പറഞ്ഞു.
എഎപി നേതാവ് സഞ്ജയ് സിംഗുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ സഖ്യം വേണമെങ്കില്‍ പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്ന എഎപിയുടെ പിടിവാശിയാണ് സഖ്യം സാധ്യമാകാതെ പോയതിന് കാരണമെന്ന് ചാക്കോ കുറ്റപ്പെടുത്തി. ഓരോ സംസ്ഥാനത്തും സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. ഡല്‍ഹി എഎപിക്കും കോണ്‍ഗ്രസിനും ഒന്നിച്ച് നില്‍ക്കുന്ന കഴിയുന്ന ഇടമാണ്. ഞങ്ങള്‍ ഒരു ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ എഎപി ഹരിയാനയുടെ കാര്യം എടുത്തിട്ടു. ഇത് പ്രായോഗികമല്ല. ഞങ്ങള്‍ ഇപ്പോളും ഡല്‍ഹിയില്‍ സഖ്യത്തിന് തയ്യാറാണ് – ചാക്കോ പറഞ്ഞു.
ഡല്‍ഹിയിലെ നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ മുന്‍ പിസിസി പ്രസിഡന്റും എഎപിയുമായുള്ള സഖ്യത്തെ ശക്തമായി എതിര്‍ത്തിരുന്നയാളുമായ അജയ് മാക്കനും ഉള്‍പ്പെടുന്നു. നിലവിലെ പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് ആണ് എഎപിയുമായുള്ള സഖ്യത്തെ ശക്തമായി എതിര്‍ക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അടക്കമുള്ളവര്‍ എഎപിയുമായി സഖ്യമുണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ശരദ് പവാറിന്റെ വീട്ടില്‍ ചര്‍ച്ചകള്‍ സജീവമാക്കുകയും കെജ്രിവാളും രാഹുലും ചര്‍ച്ച നടത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഷീല ദീക്ഷിത് അടക്കമുള്ള നേതാക്കള്‍ ശക്തമായി എതിര്‍ത്തു. ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണം എന്ന എഎപിയുടെ ആവശ്യം കൂടിയായതോടെ സഖ്യ ചര്‍ച്ചകള്‍ മുടങ്ങി. ഡല്‍ഹിയില്‍ ഏഴ് സീറ്റിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ തങ്ങള്‍ ഒറ്റയ്ക്ക് മതിയെന്നും ആരുടേയും സഹായം ആവശ്യമില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയുമായി എഎപി സഖ്യമുണ്ടാക്കിയിരുന്നു.
This post was last modified on April 12, 2019 8:37 pm
Leave a Comment