യുപിഎ സര്‍ക്കാര്‍ മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. 2016ല്‍ കാശ്മീര്‍ നിയന്ത്രണ രേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയനേട്ടമായി അവകാശപ്പെടുകയാണ് ഉണ്ടായത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ മോദി പരാജയപ്പെട്ടിരിക്കുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. യുപിഎ ഭരണകാലത്ത് നിഷ്‌ക്രിയ ആസ്തി രണ്ട് ലക്ഷം കോടി രൂപയായിരുന്നു. ബിജെപി ഭരണത്തില്‍ ഇത് 12 ലക്ഷം കോടിയായി ഉയര്‍ന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 15-20 വ്യവസായികളുടെ ലോണ്‍, സര്‍ക്കാര്‍ എഴുതിത്തള്ളി. ബാങ്കിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത് ഇത്തരക്കാര്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് രഹസ്യമാക്കി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഒരിക്കലും പരസ്യപ്പെടുത്തിയില്ല. സൈന്യത്തിന്റെ ആവശ്യം മാനിച്ചുകൊണ്ടായിരുന്നു ഇത്. എന്നാല്‍ മോദി ഇത് ചെയ്തില്ല. രാഷ്ട്രീയനേട്ടത്തിനായി കൊട്ടിഘോഷിച്ച് നടന്നു. മുംബയ് ഭീകരാക്രമണം ഉണ്ടായപ്പോള്‍ മന്‍മോഹന്‍ സിംഗ് രണ്ട് ഫോണ്‍ കോളുകളാണ് നടത്തിയത്. അതിലൊന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനിക്കായിരുന്നു. പ്രതിപക്ഷ നേതാവായ അദ്വാനിയുമായി ഇക്കാര്യം സംസാരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ നേതാക്കളെയാരേയും മോദി ഇക്കാര്യം അറിയിച്ചില്ല.
മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് മൂന്ന തവണ എല്‍ഒസി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി ഇത് വലിയ പ്രചാരണവിഷയമാക്കിയത്. നോട്ട് നിരോധനവും ജി എസ് ടിയും സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. സാധാരണക്കാരന്റെ നടുവൊടിച്ചു. ശരിയായ കാഴ്്ചപ്പാടും നയങ്ങളുമുള്ള സര്‍ക്കാര്‍ അടുത്ത 15-20 വര്‍ഷത്തേയ്ക്ക് അധികാരത്തിലിരുന്നാല്‍ ഇന്ത്യ എല്ലാ മേഖലകളിലും ചൈനയെ മറികടക്കും. പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ കൂടുതല്‍ പണം ചിലവഴിക്കണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ശക്തമായ പൊതുമേഖല ഇടപെടലുണ്ടായാലേ രാജ്യത്തിന് പുരോഗതി നേടാനാകൂ.
ഏത് തരത്തിലുള്ള ഹിന്ദുവാണ് മോദി എന്ന് അറിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിക്ക് ഹിന്ദുമതത്തിന്റെ അന്തസത്തയെ പറ്റി ഒന്നുമറിയില്ലെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. എന്താണ് ഭഗവദ് ഗീത എന്താണ് പറയുന്നത്. ഇതൊക്കെ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ മോദിക്ക് ഹിന്ദുമതത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ അറിയില്ല. ലോകത്ത് എല്ലാ കാര്യങ്ങളും അറിയാം എന്നാണ് പ്രധാനമന്ത്രിയുടെ വിചാരം.
This post was last modified on December 1, 2018 6:09 pm
Leave a Comment