X

സഖ്യം തിരഞ്ഞെടുപ്പിന് ശേഷമാകാം, മോദിയെ തോല്‍പ്പിക്കുകയാണ് പ്രധാനം: രാഹുല്‍ ഗാന്ധി

ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുകയും ഇന്ത്യയുടെ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കുകയുമാണ്.

ഡല്‍ഹിയടക്കം വിവിധയിടങ്ങളില്‍ ഇതര പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യത്തിന് വിമുഖത കാണിക്കുന്ന കോണ്‍ഗ്രസിന്റെ സമീപനം രൂക്ഷ വിമര്‍ശനം വിളിച്ചുവരുത്തുകയും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍ ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് സാധ്യതയുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇപ്പോള്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാഹുല്‍ പറയുന്നു. ഇന്ത്യയിലെ ജനങ്ങളാണ് മോദിയെ പരാജയപ്പെടുത്താന്‍ തയ്യാറായി നില്‍ക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തീര്‍ച്ചയായും സാധ്യമാണ്. രാജ്യതാല്‍പര്യം കണക്കിലെടുത്ത് ബിജെപിയെ പരാജയപ്പെടുത്തണം എന്ന കാര്യത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കും ഒരേ അഭിപ്രായവും നിലപാടുമാണെന്നും രാഹുല്‍ പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുകയും ഇന്ത്യയുടെ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കുകയുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ മതനിരപേക്ഷ കക്ഷികളുടെ ഐക്യം സാധ്യമായിട്ടുണ്ട്. ശക്തരായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെയാണ് രാജ്യത്തെമ്പാടും ബിജെപി നേരിടാന്‍ പോകുന്നത്. ഇന്ത്യയുടെ മതനിരപേക്ഷ സാമൂഹ്യഘടനയേയും പൊതു സ്ഥാപനങ്ങളേയും തകര്‍ക്കാന്‍ ബിജെപിക്ക് ഇനി അവസരമുണ്ടാക്കരുത്. സാമ്പത്തിക വളര്‍ച്ച നേടണം. തൊഴിലവസരങ്ങളുണ്ടാകണം. സാമുദായിക സൗഹാര്‍ദ്ദം ഉറപ്പുവരുത്തണം. അനീതികളേയും അസമത്വങ്ങളേയും അഭിസംബോധന ചെയ്യണം. ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടാണ് – പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ മത്സരം, ഡല്‍ഹിയില്‍ ഏഴില്‍ മൂന്ന് സീറ്റ് നല്‍കാം എന്ന് പറഞ്ഞിട്ട് പോലും സഖ്യത്തിനുള്ള വിമുഖത, പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കാത്തത്, വിവിധ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് എന്നിവയെല്ലാം ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങളാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.

പശ്ചിമ ബംഗാളില്‍ മതനിരപേക്ഷ കക്ഷികളാണ് ജയിക്കാന്‍ പോകുന്നത്. യുപിയില്‍ ഒരു മതേതര സഖ്യമുണ്ട്. കോണ്‍ഗ്രസ് അതിന്റെ ഭാഗമല്ലെങ്കില്‍ പോലും അങ്ങനെയൊരു സഖ്യമുണ്ട്. മഹാരാഷ്ട്രയില് മതേതര സഖ്യമുണ്ട്. ഝാര്‍ഖണ്ഡില്‍ അത്തരത്തിലൊരു സഖ്യമുണ്ട്. ജമ്മു കാശ്മീരില്‍ സഖ്യമുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും സഖ്യമുണ്ട്. എവിടെയാണ് സഖ്യമില്ലാത്തത്? ചില പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ സഖ്യത്തിലുള്‍പ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിച്ചു. ഞങ്ങള്‍ക്ക് അതില്‍ പ്രശ്‌നമില്ല. ഞങ്ങള്‍ യുപിയില്‍ ഞങ്ങളുടെ പോരാട്ടം നടത്തും. ഞങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തും. എന്നാല്‍ രാജ്യം മുഴുവന്‍ ബിജെപിക്ക് എതിരാണ് – രാഹുല്‍ പറഞ്ഞു.

This post was last modified on April 1, 2019 9:28 pm

Related Post
Leave a Comment