X

‘എ ബി വി പി പ്രവര്‍ത്തകര്‍ക്ക് കേരളത്തിലേക്ക് സ്വാഗതം’-ഇന്ത്യന്‍ റെയില്‍വേ

തിരുവനന്തപുരത്ത് എബിവിപി റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വാഗതം ചെയ്ത് റെയില്‍വെയുടെ അനൗണ്‍സ്മെന്‍റ്

എബിവിപി ശനിയാഴ്ച തിരുവനന്തപുരത്ത് നടത്തുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വാഗതം ചെയ്ത് റെയില്‍വെയുടെ അനൗണ്‍സ്മെന്‍റ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുമ്പോഴാണ് പ്രതിനിധികളെ സ്വാഗതം ചെയ്ത് റെയില്‍വെ വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്‍റ് നടത്തുന്നത്. 

ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് സ്വാഗതം ചെയ്തുള്ള അനൗണ്‍സ്മെന്‍റ്. റെയില്‍വെയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളല്ലാതെ രാഷ്ട്രീയ പാര്‍ടികളുടേതോ, വിദ്യാര്‍ഥി സംഘടനകളുടേതോ പരിപാടികളുമായി ബന്ധപ്പെട്ട് അനൗണ്‍സ്മെന്‍റ് നല്‍കുന്ന കീഴ്വഴക്കം റെയില്‍വെയിലില്ല.

ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് എബിവിപി പ്രവര്‍ത്തകരെ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള അറിയിപ്പും നല്‍കുന്നത്. ഓരോ ട്രെയിനും സ്റ്റേഷനിലെത്തുന്നതിനനുസരിച്ച് ഈ അറിയിപ്പ് ആവര്‍ത്തിച്ച് നല്‍കുന്നുണ്ട്.

എന്നാല്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ റാലിക്കെത്തുന്നവരെ ഔദ്യോഗിക അനൗണ്‍സ്മെന്‍റിലൂടെ സ്വാഗതം ചെയ്യുന്നത് ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗമാണ് എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണ് അനൗണ്‍സ്മെന്‍റ് നല്‍കുന്നതെന്ന് റെയില്‍വെ ജീവനക്കാര്‍ പറയുന്നു. 

‘ചലോ കേരള’യില്‍ പുന്നപ്ര-വയലാര്‍ വിപ്ലവഗാനങ്ങള്‍ പാടി എബിവിപി പ്രവര്‍ത്തകര്‍

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

This post was last modified on November 11, 2017 4:49 pm