X

ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍കെ ധവാന്‍ അന്തരിച്ചു

ഇന്ദിര വധം അന്വേഷിച്ച ജസ്റ്റിസ് എംപി ഥാക്കര്‍ കമ്മീഷന്‍ ആര്‍കെ ധവാന്റെ മൊഴിയെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മറുപടികള്‍ സംശയകരമാണ് എന്ന് നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ധവാന്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു.

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ദിര ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ആര്‍കെ ധവാന്‍ (രജീന്ദര്‍കുമാര്‍ ധവാന്‍ – 81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് തന്നെ 1962ല്‍ അവരുടെ പിഎ ആയി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയില്‍ ധവാന്‍ ഭരണതലത്തില്‍ നിര്‍ണായക സാന്നിധ്യമായി. 1984ല്‍ ഇന്ദിര വധിക്കപ്പെടുന്നത് വരെ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇന്ദിരയുടെ വധത്തിന് സാക്ഷിയായി.

ഇന്ദിര വധം അന്വേഷിച്ച ജസ്റ്റിസ് എംപി ഥാക്കര്‍ കമ്മീഷന്‍ ആര്‍കെ ധവാന്റെ മൊഴിയെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മറുപടികള്‍ സംശയകരമാണ് എന്ന് നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിയേറ്റ പ്രധാനമന്ത്രിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിക്കാന്‍ വൈകിയതും സുരക്ഷ സംവിധാനങ്ങളിലെ പാളിച്ചകളും വധത്തിന് പിന്നിലെ ഗൂഢാലോചനയും അടക്കമുള്ള കാര്യങ്ങളാണ് ഥാക്കര്‍ കമ്മീഷന്‍ അന്വേഷിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ധവാന്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു.

എന്നാല്‍ 1990ല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ രാജ്യസഭാംഗമാക്കി. പ്രവര്‍ത്തക സമതിയിലുമെത്തി. 1995-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയില്‍ ഭവനനിര്‍മ്മാണ – നഗരവികസന വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കമുള്ളവര്‍ ധവാന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

This post was last modified on August 7, 2018 7:44 am