X

മധ്യപ്രദേശില്‍ ദളിത് വിവാഹങ്ങള്‍ മുന്നു ദിവസം മുന്‍പ് അധികൃതരെ അറിയിക്കണമെന്ന് സര്‍ക്കുലര്‍

ദളിത് വിഭാഗത്തില്‍ പെട്ട വരനെ സവര്‍ണര്‍ കുതിരപ്പുറത്തുനിന്ന് ഇറക്കിയത് സംഘര്‍ഷത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് നടപടി

ദളിത് വിവാഹങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ താലൂക്ക് അധികാരികളെ അറിയിക്കണമെന്ന് മധ്യപ്രദേശിലെ മാദിപ്പൂര്‍ സബ് ഡിവിഷണല്‍ ഓഫിസറുടെ ഉത്തരവ്. താലുക്കിനു കീഴിലുള്ള ഗ്രാമ മുഖ്യന്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും ഇതു സംബന്ധിച്ച വിവരം വിവാഹ തിയ്യതിക്ക് മുന്നു ദിവസം മുമ്പെങ്കിലും താലുക്ക് അധികാരികളെ അറിയിക്കണമെന്നാണ് ഉത്തരവ്.

ഉജ്ജയിനി ജില്ലയുടെ ഭാഗമായ മാദിപ്പുരിലെ നാഗര്‍ദിയ ഗ്രാമത്തില്‍ അടുത്തിടെ ദളിത് വിവാഹത്തോട് അനുബന്ധിച്ച് ദളിത് സവര്‍ണ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍ പെട്ട വരനെ സവര്‍ണര്‍ കുതിരപ്പുറത്തുനിന്ന് ഇറക്കിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഭവത്തില്‍ 17 പേര്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദളിത്, ഒബിസി വിഭാഗക്കാരുടെ വിവാഹചടങ്ങുകള്‍ നിരീക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സര്‍ക്കുലര്‍ ഇറക്കിയത്. തങ്ങളുടെ പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തണമെന്നും സര്‍ക്കുലര്‍ പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിക്കുന്നു.

എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായുള്ള മുന്‍കരുതലാണ് സര്‍ക്കുലറെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഇത്തരം കേസുകളില്‍ തെളിവു ശേഖരിക്കല്‍ ബുദ്ധിമുട്ടാണ്. പിടിക്കപ്പെടുന്നവര്‍ ആരോപണം നിഷേധിക്കുകയും വിവിധ ന്യായ വാദങ്ങള്‍ ഉയര്‍ത്തുകയുമാണ് പതിവ്. വിവാഹങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞാല്‍ പോലിസ് സാന്നിധ്യം ഉറപ്പു വരുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ എസ് സി എസ് ടി പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കാനാവും. സംഘര്‍ഷങ്ങള്‍ തടയുന്നതിനൊപ്പം വിവാഹങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് ബാലവിവാഹങ്ങള്‍ അടക്കമുള്ളവ ഫലപ്രദമായി തടയാവുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.