X

സൗദി രണ്ട് പഞ്ചാബികളുടെ തല വെട്ടി, സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

സൗദി നിയമപ്രകാരം വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല, മരണ സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കൂ എന്ന് സത്‌വീന്ദറിന്റെ ഭാര്യ സീമ റാണിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പഞ്ചാബ് സ്വദേശികളായ രണ്ട് പേരുടെ തല വെട്ടി സൗദി അറേബ്യ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഹോഷിയാര്‍പൂര്‍ സ്വദേശി സത്‌വീന്ദര്‍ കുമാറിനേയും ലുധിയാനക്കാരന്‍ ഹര്‍ജീത് സിംഗിനേയുമാണ് ഫെബ്രുവരി 28ന് സൗദി വധിച്ചത്. എന്നാല്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നാണ് പറയുന്നത്. 2015ല്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സൗദി വധശിക്ഷ നടപ്പാക്കിയത്. ആരിഫ് ഇമാമുദ്ദീന്‍ എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. 2015 ഡിസംബര്‍ ഒമ്പതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പൈശാചികവും മനുഷ്യത്വവിരുദ്ധവുമായ ക്രൂരകൃത്യമാണ് നടന്നത് എന്ന് പറഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വധശിക്ഷ തടയുന്നതില്‍ വിദേശകാര്യ മന്ത്രാലയം പരാജയപ്പെട്ടു എന്ന് പറഞ്ഞ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സത്‌വീന്ദര്‍ സിംഗിന്റെ ഭാര്യ കോടതിയെ സമീപിക്കുന്നത് വരെ വിദേശകാര്യ മന്ത്രാലയം വധശിക്ഷയുടെ വിവരം മറച്ചുവച്ചതായും അമരീന്ദര്‍ സിംഗ് ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമീപിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചു.

സൗദി നിയമപ്രകാരം വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല, മരണ സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കൂ എന്ന് സത്‌വീന്ദറിന്റെ ഭാര്യ സീമ റാണിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് രണ്ടിന് വധശിക്ഷ സംബന്ധിച്ച വിവരം സൗദിയില്‍ നിന്ന് കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളില്ലാത്തതിനാല്‍ സീമ റാണി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. വ്യക്തമായ മറുപടിയൊന്നും വിദേശകാര്യ മന്ത്രാലയം നല്‍കിയില്ല. ഇതേ തുടര്‍ന്ന് സീമ റാണി പഞ്ചാബ് – ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ എട്ടിന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.