X

കാശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ ഘാതകനെ സുരക്ഷാസേന വധിച്ചു

ലഷ്‌കര്‍ ഇ തയിബ തലവനും മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്നയാളുമായ സാകിയുര്‍ റഹ്മാന്‍ ലഖ്വിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു.

കാശ്മീരി മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കാശ്മീര്‍ സ്ഥാപക എഡിറ്ററുമായ ഷുജാത് ബുഖാരിയെ വധിച്ച കേസിലെ പ്രതിയെ സുരക്ഷാസേന വെടിവച്ച് കൊന്നു. ജമ്മു കാശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് നവീദ് ജാട്ട് എന്ന പാകിസ്താനി ഭീകരനെ വധിച്ചത് എന്നാണ് സൈന്യം പറയുന്നത്. ആര്‍മിയും പൊലീസും സംയുക്തമായാണ് ഗ്രാമത്തില്‍ ഒളിച്ചിരുന്ന ഭീകരരെ പിടിക്കാന്‍ ഓപ്പറേഷന്‍ നടത്തിയത്.

ലഷ്‌കര്‍ ഇ തയിബ പ്രവര്‍ത്തകനായ നവീദ് ജാട്ട് പാകിസ്താനിലെ മുള്‍ട്ടാന്‍ സ്വദേശിയാണ്. ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016 മുതല്‍ ഇയാള്‍ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. എന്നാല്‍ ശ്രീനഗറിലെ ഹോസ്പിറ്റലില്‍ ചെക്ക് അപ്പിന് കൊണ്ടുപോയപ്പോള്‍ തോക്കുകളുമായി ഇരച്ചെത്തിയ ഭീകരര്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് പിടിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുകയുമായിരുന്നു. ലഷ്‌കര്‍ ഇ തയിബ തലവനും മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്നയാളുമായ സാകിയുര്‍ റഹ്മാന്‍ ലഖ്വിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു.

ദക്ഷിണ കാശ്മീരിലേയും മധ്യ കാശ്മീരിലേയും പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന നവീദ് ജാട്ട് കാശ്മീരിലെ ലഷ്‌കര്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണമേറ്റെടുക്കുമെന്നാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചിരുന്ന വിവരം. യുവാക്കളെ ലഷ്‌കര്‍ ഇ തയിബയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ നവീദ് പ്രധാന പങ്ക് വഹിക്കുന്നുണ്ടായിരുന്നു.

ജൂണ്‍ 14നാണ് ഷുജാത് ബുഖാരിയെ ശ്രീനഗറില്‍ വച്ച്, ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊന്നത്. ഈ മൂന്ന് പേരില്‍ ഒരാള്‍ നവീദ് ജാട്ട് ആയിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ബുഖാരി വധത്തില്‍ പങ്കാളിയെന്ന് കരുതുന്ന മറ്റൊരു ഭീകരന്‍ ആസാദ് മാലികിനെ വെള്ളിയാഴ്ച അനന്ത് നാഗില്‍ സുരക്ഷാസേന വെടിവച്ച് കൊന്നിരുന്നു.

This post was last modified on November 28, 2018 4:19 pm