താന്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. തെക്ക് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ മാധ സീറ്റില്‍ ശരദ് പവാറിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചിരുന്നു. ഇതിനായി സിറ്റിംഗ് എംപി വിജയ്‌സിംഹ മോഹിതെ പട്ടേല്‍ സീറ്റൊഴിയാനും തയ്യാറായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദം മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്നതായാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ ഇന്ന് ശരദ് പവാര്‍ സൂചിപ്പിച്ചത്. എന്റെ കുടുംബത്തിലെ രണ്ട് പേര്‍ മത്സരിക്കുന്നുണ്ട് (മകള്‍ സുപ്രിയ സുലെയും ബന്ധു പാര്‍ത്ഥ് പവാറും). ഞാന്‍ മത്സരിക്കേണ്ടതില്ല എന്നാണ് വിചാരിക്കുന്നത്. ഇതുവരെ 14 തവണ മത്സരിച്ച് കഴിഞ്ഞു – പവാര്‍ പറഞ്ഞു
പാര്‍ത്ഥ് മത്സരിക്കുന്നതിന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഫെബ്രുവരി 20ന് പവാര്‍ മത്സരിക്കുന്ന കാര്യം പറഞ്ഞത് എന്നും എന്നാല്‍ ഈ നീക്കം വിജയിക്കാതിരുന്നതിനെ തുടര്‍ന്നാണ് പവാറിന്റെ മനം മാറ്റമെന്നും എന്‍സിപി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാവല്‍ സീറ്റില്‍ പാര്‍ത്ഥ് മത്സരിക്കണം എന്നാണ് ഭൂരിഭാഗം പാര്‍ട്ടി അംഗങ്ങളും ആഗ്രഹിക്കുന്നത്. പുതിയ തലമുറയ്ക്ക് അവസരം നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത് – ശരദ് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണ പ്രകാരം മഹാരാഷ്ട്രയിലെ 48ല്‍ 22 സീറ്റിലാണ് എന്‍സിപി മത്സരിക്കുന്നത്. കോണ്‍ഗ്രസ് 26ല്‍ ജനവിധി തേടുന്നു. 2014ല്‍ എന്‍ഡിഎ (ബിജെപി – ശിവസേന സഖ്യം) 41 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് – എന്‍സിപി സഖ്യം ആറ് സീറ്റിലൊതുങ്ങിയിരുന്നു.
Leave a Comment