X

സര്‍ പ്ലീസ്, ഇനിയെങ്കിലും ഒരു വാര്‍ത്താസമ്മേളനം നടത്തൂ: മോദിയോട് ശത്രുഘന്‍ സിന്‍ഹ

ഇത് താങ്കള്‍ക്കും രാജ്യത്തിനും ഗുണം ചെയ്യും. അതേസമയം ഇത് താങ്കള്‍ തള്ളിക്കളയുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് ഗുണം ചെയ്യും. തിരഞ്ഞെടുപ്പ് അടുത്തു. ജനാധിപത്യം നീണാല്‍ വാഴട്ടെ - ശത്രുഘന്‍ പറയുന്നു.

സര്‍, ഇനിയെങ്കിലും ഒരു വാര്‍ത്താസമ്മേളനം നടത്തൂ, അതിനുള്ള സമയമായിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബിജെപി എംപിയും മോദി വിമര്‍ശകനുമായ ശത്രുഘന്‍ സിന്‍ഹ ആവശ്യപ്പെട്ടിരിക്കുന്നത്. എഎന്‍ഐയ്ക്ക് പ്രധാനമന്ത്രി നല്‍കിയ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ളതാണ് എന്നും നന്നായി റിഹേഴ്‌സല്‍ നടത്തിയാണ് ഇത് എടുത്തതെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു. മുന്‍ഗാമികളെ മാതൃകയാക്കി ഒരു വാര്‍ത്താസമ്മേളനം നടത്താനാണ് ശത്രുഘന്‍ സിന്‍ഹ ആവശ്യപ്പെട്ടത്. നേരിട്ടുള്ള ചോദ്യങ്ങളെ നേരിടാന്‍ കഴിവുള്ള ഒരു നേതാവ് എന്ന നിലയില്‍ താങ്കളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള മികച്ച അവസരമാണിത് – ശത്രുഘന്‍ സിന്‍ഹ ട്വിറ്ററില്‍ പറഞ്ഞു.

ഞങ്ങള്‍ക്കറിയാം നിങ്ങള്‍ക്ക് അവരെ (മാധ്യമങ്ങളെ) അഭിമുഖീകരിക്കാന്‍ താല്‍പര്യമില്ല എന്ന്. പക്ഷെ നിങ്ങള്‍ ആ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയുടേയും അനുഭവസമ്പത്തുള്ള മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരിയുടേയും ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി പറയണം. ഇന്റര്‍വ്യൂവില്‍ താങ്കളുടെ ശരീരഭാഷ ഒതുക്കമുള്ളതായിരുന്നു. പക്ഷെ പ്രകടനം മുന്‍ പ്രകടനങ്ങളുടെ അത്ര പോര. ഇതിന് മുമ്പുള്ള എല്ലാ പ്രധാനമന്ത്രിമാരും ഒരു വാര്‍ത്താസമ്മേളനമെങ്കിലും നടത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷത്തിലധികമുള്ള ഭരണത്തില്‍ താങ്കള്‍ ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിട്ടില്ല. ഇത് എന്തുകൊണ്ടാണ് സര്‍. സര്‍ക്കാരിന്റെ ഏജന്റുമാരെ പോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പകരം വസ്തുനിഷ്ഠമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കൂ. താങ്കളുടെ രാജാ ദര്‍ബാര്‍ മനോഭാവം മാറ്റൂ.

സബ് കാ സാഥ്, സബ് കാ വികാസ് എന്നൊക്കെ പറഞ്ഞിട്ടും എന്തുകൊണ്ടാണ് സഖ്യകക്ഷികള്‍ നമ്മളെ വിട്ടുപോകുന്നത്. ഈ പുതിയ വര്‍ഷം കരുത്തോടെയും സത്യസന്ധതയോടെയും അധികം നാടകീയതയില്ലാതെയും പ്രവര്‍ത്തിക്കൂ. ഒരു സുഹൃത്ത്, സഹപ്രവര്‍ത്തകന്‍, സഹോദരന്‍ എന്ന നിലകളിലെല്ലാം ഞാന്‍ ഉപദേശിക്കുകയാണ്. ഇത് താങ്കള്‍ക്കും രാജ്യത്തിനും ഗുണം ചെയ്യും. അതേസമയം ഇത് താങ്കള്‍ തള്ളിക്കളയുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് ഗുണം ചെയ്യും. തിരഞ്ഞെടുപ്പ് അടുത്തു. ജനാധിപത്യം നീണാല്‍ വാഴട്ടെ – ശത്രുഘന്‍ പറയുന്നു. അതേസമയം മോദിയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതില്‍ തന്നെ എന്തിനാണ് ടാഗ് ചെയ്യുന്നത് എന്ന് എഎന്‍ഐയ്ക്ക് വേണ്ടി അഭിമുഖം നടത്തിയ സ്മിത പ്രകാശ് ചോദിച്ചു.

This post was last modified on January 3, 2019 7:22 pm