X

കല്ലും മണലും അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണരീതി മാറണം, പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണരീതി കൊണ്ടുവരും: മുഖ്യമന്ത്രി പിണറായി വിജയന്‍

ലൈഫ് മിഷനില്‍ അടക്കം പുതിയ രീതികള്‍ പരീക്ഷിക്കും

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കല്ലും മണലും അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതി മാറണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സവിശേഷതകള്‍ അനുസരിച്ചുള്ള നിര്‍മ്മാണ രീതികള്‍ സ്വീകരിക്കണം. ഇത് സംബന്ധിച്ച് ലോകത്താകമാനമുള്ള അനുഭവങ്ങള്‍ പഠിക്കുകയും അനുയോജ്യമായ സ്വീകരിക്കുകയും ചെയ്യണം. പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതികള്‍ കൊണ്ടുവരുന്നത് ആലോചിക്കും. വീടിന്റെ ഭാഗങ്ങള്‍ ഫാക്ടറിയില്‍ നിര്‍മ്മിക്കുകയും അത് കൊണ്ടുവന്ന് സ്ഥാപിക്കുകയും ചെയ്യുന്ന രീതികളെ കുറിച്ച് ആലോചിക്കും. ലൈഫ് മിഷനില്‍ അടക്കം പുതിയ രീതികള്‍ പരീക്ഷിക്കും. പുതിയ രീതികള്‍ കൊണ്ടുവരുന്നതിന് ജനങ്ങളുടെ മനോഭാവം മാറണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

നമ്മുടെ നാട്ടില്‍ അത്ര പരിചയമുള്ള കാര്യമല്ല ഈ നിര്‍മ്മാണ രീതികള്‍. നമ്മുടെ ചിന്ത ജീവിതത്തിലെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിവെച്ച് വീടെടുക്കുക എന്നതാണ്. ചിലപ്പോള്‍ അതില്‍ താമസിക്കാന്‍ ആളുകള്‍ പോലും ഉണ്ടാകില്ല. അതുകൊണ്ട് ആദ്യം നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണം. പുതിയ രീതി സ്വീകരിക്കാന്‍ തയ്യാറാവണം.

ഈ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വിപുലമായ ക്യാമ്പയില്‍ സര്‍ക്കാര്‍ നടത്തും. മാധ്യമങ്ങള്‍ക്ക് ഈ കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ കാലാവസ്ഥാ വ്യതിയാനം, അതിന്റെ പ്രത്യാഘാതങ്ങള്‍, എവിടെ താമസിക്കാം, എവിടെ താമസിച്ചുകൂടാ തുടങ്ങിയവയെ കുറിച്ച് ഗൌരവമായ പഠനം നടക്കണം. ദുരന്ത സാധ്യതയുള്ള പ്രാദേശിക മേഖലകളെ സംബന്ധിച്ചും ശാസ്ത്രീയമായ പഠനം നടക്കണം. എന്തൊക്കെ കൃഷി ചെയ്യാം, എവിടെയൊക്കെ കെട്ടിടം ഉണ്ടാക്കാം എന്നതിനെ മനസിലാക്കാന്‍ ഭൂവിനിയോഗം സംബന്ധിച്ചു പഠനം നടത്തണം. ഇതിനായി ജലവിഭവ എഞ്ചിനീയറിംഗ് വിദഗ്ധനും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് സെക്രട്ടറി കൂടിയായ പ്രൊഫ. കെ പി സുധീര്‍ കണ്‍വീനര്‍ ആയ സമിതി രൂപീകരിച്ചിട്ടുണ്ട്. സെസ്, ഐ‌ഐ‌ടി ചെന്നൈ, കാലാവസ്ഥ വകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദുരന്ത അതോറിറ്റി മെംബര്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. സമിതി 3 മാസം കൊണ്ട് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

This post was last modified on August 29, 2019 1:08 pm