X

ബ്രിട്ടോയെ ആശുപത്രിയിലെത്തിക്കാന്‍ വൈകി, രക്ഷിക്കാമായിരുന്നെന്ന് ഡോക്ടറും

പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. ദേഹാസ്വാസ്ഥ്യമുണ്ടായി 12 മണിക്കൂറിലധികം കഴിഞ്ഞാണ് ബ്രിട്ടോയെ ആശുപത്രിയിലെത്തിച്ചത് എന്നും ഡോക്ടര്‍ പറയുന്നു.

2018 ഡിസംബര്‍ 31ന് അന്തരിച്ച മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന ഭാര്യ സീന ഭാസ്‌കറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബ്രിട്ടോയെ ആശുപത്രിയിലെത്തിക്കാന്‍ വൈകി എന്ന പ്രസ്താവനയുമായി ഡോക്ടര്‍. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ സൈമണ്‍ ബ്രിട്ടോയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ച, തൃശൂര്‍ ദയ ആശുപത്രിയിലെ ഡോ.അബ്ദുള്‍ അസീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നതായാണ് ഡോക്ടര്‍ പറയുന്നത്.

ബ്രിട്ടോ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചു എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച സമയം ബ്രിട്ടോ സംസാരിച്ചിരുന്നു എന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. അസ്വസ്ഥത തോന്നിയപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ആദ്യം ബ്രിട്ടോ വിസമ്മതിച്ചതായും അവര്‍ പറഞ്ഞെന്ന് ഡോ.അബ്ദുള്‍ അസീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. ദേഹാസ്വാസ്ഥ്യമുണ്ടായി 12 മണിക്കൂറിലധികം കഴിഞ്ഞാണ് ബ്രിട്ടോയെ ആശുപത്രിയിലെത്തിച്ചത് എന്നും ഡോക്ടര്‍ പറയുന്നു. അദ്ദേഹം തൈലം പുരട്ടുന്നതുള്‍പ്പടെയുള്ള സമാന്തര ചികിത്സകള്‍ തേടിയിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ ചികിത്സാ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു.

ബ്രിട്ടോയ്‌ക്കൊപ്പമുണ്ടായിരുന്നവര്‍ ആരായിരുന്നു എന്ന് തന്നെ വ്യക്തതയില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പലരും തന്നോട് പറഞ്ഞതെന്നും സീന പറഞ്ഞിരുന്നു. അന്വേഷണം ആവശ്യപ്പെടുമെന്നും മന്ത്രി തോമസ് ഐസകുമായി സംസാരിക്കുമെന്നും ട്വന്റി ഫോര്‍ ന്യൂസിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും അവര്‍ പറഞ്ഞിരുന്നു. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്ന സീന, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പറയുന്നു.

This post was last modified on January 30, 2019 9:38 pm