X

ടിക്കാറാം മീണയ്ക്ക് തിരിച്ചടി; സി പി എം പഞ്ചായത്തംഗത്തെ അയോഗ്യയാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത്തരത്തില്‍ ശുപാര്‍ശ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ല

കള്ളവോട്ട് പരാതിയില്‍ ചെറുതാഴം പഞ്ചായത്തിലെ സിപിഎം അംഗം എം പി സലീനയെ അയോഗ്യയാക്കാനുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍ തള്ളി. ഇത്തരത്തില്‍ ശുപാര്‍ശ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ല എന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഒരു പഞ്ചായത്തംഗം കള്ളവോട്ട് ചെയ്തു എന്നത് അയോഗ്യത കല്‍പ്പിക്കാനുള്ള കാരണമല്ല. ഇതിന്റെ പേരില്‍ പഞ്ചായത്ത് അംഗത്തെ മൂന്നു മാസമെങ്കിലും ശിക്ഷിച്ചാല്‍ മാത്രമേ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ വ്യക്തമാക്കി.

കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂര്‍ പിലാത്തറയിലെ 69, 70 ബൂത്തിലാണ് സി പി എം ചെറുതാഴം പഞ്ചായത്ത് അംഗം എം പി സലീനയടക്കം മൂന്ന് പേര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ചെയ്തത് കള്ള വോട്ട് അല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സി പി എം.

പ്രസ്തുത സംഭവത്തില്‍ മീണയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ് സിപിഎം.

This post was last modified on May 6, 2019 6:58 pm