X

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി സുപ്രീം കോടതി അന്വേഷണ സമിതി തള്ളി

കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കില്ലെന്ന് 2003ലെ ഇന്ദിര ജയ്‌സിംഗ് വേഴ്‌സസ് സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ കേസില്‍ കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആഭ്യന്തര അന്വേഷണ കമ്മിറ്റി പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികപീഡന പരാതി, ആഭ്യന്തര അന്വേഷണ കമ്മിറ്റി തള്ളിക്കളഞ്ഞു. 19.4.2019ന് മുന്‍ ജൂനിയര്‍ അക്കൗണ്ടന്റ് ആയ യുവതി നല്‍കിയ പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്നാണ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തല്‍. കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കില്ലെന്ന് 2003ലെ ഇന്ദിര ജയ്‌സിംഗ് വേഴ്‌സസ് സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ കേസില്‍ കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആഭ്യന്തര അന്വേഷണ കമ്മിറ്റി പറയുന്നു.

സുപ്രീം കോടതിയിലെ 21 ജഡ്ജിമാര്‍ക്ക് മുന്‍ ജൂനിയര്‍ അക്കൗണ്ടന്റ് ആയ 35കാരി പരാതി നല്‍കിയതായി ദ വയര്‍, സ്‌ക്രോള്‍, കാരവാന്‍ എന്നീ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റസിഡന്‍ഷ്യല്‍ ഓഫീസില്‍ വച്ച് ചീഫ് ജസ്റ്റിസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും തന്റെ ഭര്‍ത്താവും ഭര്‍തൃസഹോദരനും അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു. അതേസമയം സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം എന്ന് പറഞ്ഞാണ് മറുപടി നല്‍കിയത്.

പരാതി പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് സ്‌പെഷല്‍ സിറ്റിംഗ് നടത്തിയത് വിവാദമായി. ഇന്ദിര ജയ്‌സിംഗ് അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് മാറിനിന്ന് അന്വേഷണം നേരിടണം എന്ന് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് തള്ളിയിരുന്നു. തനിക്കെതിരായ ഗൂഡാലോചനയാണ് ഇത് എന്നാണ് ചീഫ് ജസ്റ്റിസ് ആരോപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് പിന്തുണ നല്‍കുകയായിരുന്നു.

ആഭ്യന്തര അന്വേഷണ സമിതിക്കെതിരെ അതൃപ്തി അറിയിച്ച് തുടക്കത്തില്‍ തന്നെ കമ്മിറ്റിക്ക് പരാതിക്കാരി കത്ത് നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസുമായി വ്യക്തിപരമായ അടുപ്പമുള്ള ജസ്റ്റിസ് എന്‍വി രമണ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത് അടക്കം ചൂണ്ടിക്കാട്ടിയാണ് യുവതി അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെ ജസ്റ്റിസ് എന്‍വി രമണ കമ്മിറ്റിയില്‍ നിന്ന് ഒഴിയുകയും പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വരുകയും ചെയ്തിരുന്നു. ഇതോടെ വനിത ഭൂരിപക്ഷ കമ്മിറ്റി എന്ന എആവശ്യം അംഗീകരിക്കപ്പെട്ടു. എന്നാല്‍ അഭിഭാഷകയെ അനുവദിക്കണം റിപ്പോര്‍ട്ട് പരസ്യമാക്കണം എന്നത് അടക്കമുള്ള പരാതിക്കാരിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കമ്മിറ്റി തയ്യാറായില്ല.

ജസിറ്റിസുമാരായ എസ്എ ബോബ്‌ഡെ, ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റിയിലുള്ളത്. യുവതി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായില്ലെങ്കിലും നടപടികളുമായി മുന്നോട്ടുപോകും എന്നാണ് കമ്മിറ്റി അറിയിച്ചത്. ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ആര്‍എഫ് നരിമാനും ജസ്റ്റിസ് ബോബ്‌ഡെയെ കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലു സുപ്രീം കോടതി ഇക്കാര്യം തള്ളിക്കളയുകയാണുണ്ടായത്.

This post was last modified on May 6, 2019 7:01 pm