X

ഫത്തേപ്പൂര്‍ സിക്രിയില്‍ സ്വിസ് കമിതാക്കള്‍ക്ക് നേരെ ആക്രമണം: പിന്തുടര്‍ന്ന് കല്ലേറും മര്‍ദ്ദനവും

ഫത്തേപ്പൂര്‍ സിക്രി റെയില്‍വേ സ്റ്റേഷന് സമീപം നടക്കുമ്പോളായിരുന്നു ആക്രമണം.

ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള കമിതാക്കള്‍ക്ക് കല്ലേറും മര്‍ദ്ദനവും. അക്രമികളായ ഒരു സംഘം യുവാക്കള്‍ ഇവരെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തില്‍ ക്വിന്റില്‍ ജെറമി ക്ലര്‍ക്ക് (24), മേരി ഡ്രോസ് (24) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും സ്വിറ്റ്‌സര്‍ലന്റിലെ ലുസേന്‍ സ്വദേശികളാണ്. സെപ്റ്റംബര്‍ 30നാണ് ഇരുവരും ഇന്ത്യയിലെത്തിയത്. സംഭവത്തില്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യുപി സര്‍ക്കാരിനോട് വിശദീകരണം തേടി.

ഫത്തേപ്പൂര്‍ സിക്രി റെയില്‍വേ സ്റ്റേഷന് സമീപം നടക്കുമ്പോളായിരുന്നു ആക്രമണം. ഒരു സംഘം യുവാക്കള്‍ ആദ്യം അവരുടെ ഭാഷയില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല. പിന്നെ മേരിക്കൊപ്പം സെല്‍ഫിയെടുക്കണമെന്നായി. ഇതിന് വിസമ്മതിച്ചപ്പോള്‍ അവര്‍ ഞങ്ങളെ ആക്രമിക്കാന്‍ തുടങ്ങി – ജെറമി ക്ലര്‍ക്ക് പറയുന്നു. ജെറമി ക്ലര്‍ക്കിന് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിനേയും ബാധിച്ചിരിക്കുന്നു. ഒരു വശത്ത് ചെവി കേള്‍ക്കാനില്ല. മേരി ബ്രോക്കിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. ശരീരത്തില്‍ നിരവധി ക്ഷതങ്ങളും.

അവിടെയുണ്ടായിരുന്ന മറ്റാളുകള്‍ തങ്ങളെ സഹായിക്കുന്നതിന് പകരം ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. അതേസമയം പൊതുസ്ഥലത്ത് നിന്ന് ഇവര്‍ ചുംബിക്കുന്നത് കണ്ടാണ് ആള്‍ക്കൂട്ടം ആക്രമിച്ചതെന്ന വാദം ഇരുവരും തള്ളിക്കളഞ്ഞു. അവര്‍ എന്തിനാണ് തങ്ങളെ ആക്രമിച്ചത് എന്ന് അറിയില്ലെന്ന് ഇരുവരും പറയുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

This post was last modified on October 26, 2017 3:46 pm