X

ഭീകരര്‍ക്കും പാകിസ്താനും വേണ്ടത് എന്റെ തോല്‍വി, പ്രതിപക്ഷത്തിന്റെ ജയം: മോദി

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനെ പ്രതിപക്ഷം വില കുറച്ച് കാണിച്ചു. നാടക സെറ്റും എ സാറ്റും തമ്മിലുള്ള വ്യത്യാസമറിയാത്ത ചിലരുണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് മോദി പറഞ്ഞു.

ഭീകരരും പാകിസ്താനും ആഗ്രഹിക്കുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിയും പ്രതിപക്ഷത്തിന്റെ ജയവുമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ പാകിസ്താന്റെ ഹീറോകളാകാന്‍ ശ്രമിക്കുകയാണ്. പാക് മാധ്യങ്ങള്‍ ഇവര്‍ക്ക് വലിയ കവറേജ് നല്‍കുന്നു. പാകിസ്താന്‍ ഇവര് പറയുന്നത് കേട്ട് കയ്യടിക്കുന്നു. ഭീകരരും അവരെ പിന്തുണക്കുന്നവരും പ്രാര്‍ത്ഥിക്കുന്നത് എങ്ങനെയെങ്കിലും ചൗക്കിദാര്‍ പുറത്താകണമെന്നും മഹാമിലാവതി (പ്രതിപക്ഷ സഖ്യത്തെ മോദി വിളിക്കുന്നത്) ഡല്‍ഹിയില്‍ അധികാരത്തിലെത്തണമെന്നുമാണ്. യുപിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.

യുപിയിലെ സമാജ് വാദി പാര്‍ട്ടി – രാഷ്ട്രീയ ലോക് ദള്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി (എസ് പി – ആര്‍എല്‍ഡി – ബി എസ് പി) സഖ്യം സരാബിന് (മദ്യം) വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ഈ പാര്‍ട്ടികളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് മോദി പരിഹസിച്ചു. ഇത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ് – മോദി പറഞ്ഞു. ജമ്മുവിലെ അക്‌നൂരിലെ റാലിയില്‍ മോദി പറഞ്ഞത് അതിര്‍ത്തിക്കപ്പുറം ഭീകരകേന്ദ്രങ്ങള്‍ നടത്തുന്നവര്‍ ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പേടിച്ചുവിറച്ചിരിക്കുകയാണ് എന്നാണ്.

കോണ്‍ഗ്രസിന് എന്തുപറ്റി എന്നാണ് ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട അവരുടെ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നിയത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ശക്തമായി നിലകൊണ്ട സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേയും ആസാദ് ഹിന്ദുസ്ഥാന്‍ മുദ്രാവാക്യം മുന്നോട്ടുവച്ച സുഭാഷ് ചന്ദ്ര ബോസിന്റേയും പാര്‍ട്ടി തന്നെയാണോ ഇത്. മോദിയോടുള്ള വെറുപ്പിന്റെ പേരില്‍ ഇവര്‍ ദേീയ താല്‍പര്യം അവഗണിക്കുകയാണ് – മോദി കുറ്റപ്പെടുത്തി.

ബലാകോട്ട് ആക്രമണത്തിന് തെളിവ് ചോദിച്ചതിലൂടെ പ്രതിപക്ഷം സായുധ സേനകളെ അപമാനിച്ചു. ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനെ പ്രതിപക്ഷം വില കുറച്ച് കാണിച്ചു. നാടക സെറ്റും എ സാറ്റും തമ്മിലുള്ള വ്യത്യാസമറിയാത്ത ചിലരുണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് മോദി പറഞ്ഞു. മിസൈല്‍ പരീക്ഷണത്തിന് ഡിആര്‍ഡിഒയെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി, മോദിക്ക് ലോക നാടകദിന ആശംസകള്‍ അറിയിച്ച് പരിഹസിച്ചിരുന്നു.