X

ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ തിരുവനന്തപുരം മൂന്നാമത്

പൂനെയും കൊല്‍ക്കൊത്തയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ മൂന്നാം സ്ഥാനം തിരുവനന്തപുരത്തിന്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ പൂനയും കൊല്‍ക്കൊത്തയുമാണ്. ബെംഗളൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനാഗ്രഹ സെന്‍റര്‍ ഫോര്‍ സിറ്റിസെന്‍ഷിപ്പ് ആന്‍ഡ് ഡമോക്രസി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

തിരുവനന്തപുരത്തിന് പത്തില്‍ 4.6 പോയിന്റാണ് ലഭിച്ചത്. കൊല്‍ക്കൊത്തയ്ക്കും ഇതേ പോയിന്റാണ് കിട്ടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ള പൂനെയ്ക്ക് 5.1 പോയിന്റാണ് ലഭിച്ചത്. 2016ലെ സര്‍വ്വേയിലെതിനെക്കാള്‍ 0.2 വര്‍ധനവാണ് പോയിന്റില്‍ തിരുവനന്തപുരത്തിന് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി തനതു വരുമാനത്തിലുള്ള വര്‍ധനവും ബജറ്റിന്റെ സമയക്രമം പാലിക്കുന്നതിലുള്ള കൃത്യതയുമാണ് തിരുവനന്തപുരത്തിന് ഗുണമായി വന്നത്. സര്‍വേയില്‍ പങ്കെടുത്ത 23 നഗരങ്ങളില്‍ 9 എണ്ണം മാത്രമാണ് ബജറ്റ് സമയക്രമം പാലിക്കുന്നത്.

രാജ്യത്തെ 23 നഗരങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. ബെംഗളൂരു, ചണ്ഡിഗഢ്, ഡെറാഡൂണ്‍, പാറ്റ്ന, ചെന്നൈ എന്നിവയാണ് അവസാന അഞ്ചു നഗരങ്ങള്‍.